വിദ്യാർഥികൾക്കായുള്ള എംസി രാജ ആദി ദ്രാവിഡർ ഹോസ്റ്റലിൽ മിന്നൽ സന്ദർശനം നടത്തി മുഖ്യമന്ത്രി സി ജോസഫ് വിജയ്. ചെന്നൈ സൈദാപ്പേട്ടിലെ ഹോസ്റ്റലിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനവും പരിശോധനയും നടന്നത്. മുഖ്യമന്ത്രിയെ കണ്ടതോടെ വിദ്യാർഥികൾ പരാതിക്കെട്ടഴിച്ചു.

ചെന്നൈ: വിദ്യാർഥികൾക്കായുള്ള എംസി രാജ ആദി ദ്രാവിഡർ ഹോസ്റ്റലിൽ മിന്നൽ സന്ദർശനം നടത്തി മുഖ്യമന്ത്രി സി ജോസഫ് വിജയ്. ചെന്നൈ സൈദാപ്പേട്ടിലെ ഹോസ്റ്റലിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനവും പരിശോധനയും നടന്നത്. മുഖ്യമന്ത്രിയെ കണ്ടതോടെ വിദ്യാർഥികൾ പരാതിക്കെട്ടഴിച്ചു.

മുഖ്യമന്ത്രിയെ അപ്രതീക്ഷിതമായി ഹോസ്റ്റലിൽ കണ്ടതോടെ തങ്ങൾ നേരിടുന്ന ദുരനുഭവങ്ങൾ വിദ്യാർഥികൾ വിശദീകരിച്ചു. ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികളായിരുന്നു ഭൂരിഭാ​ഗം പേരും പറഞ്ഞത്. ചോറിൽനിന്ന് പുഴുക്കളെ കിട്ടുന്നത് പതിവാണെന്നും ഭക്ഷണത്തിന് ​ഗുണമേന്മയില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞവർഷം സമരംചെയ്തപ്പോൾ നല്ല ഭക്ഷണം ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് എല്ലാം പഴയപടിയായെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു.

ജലക്ഷാമം, വൃത്തിഹീനമായ കുളിമുറികൾ, ജീവനക്കാരുടെ കുറവ്, വൃത്തിഹീനമായ അടുക്കള, സിസിടിവി ക്യാമറകളുടെ കുറവ് തുടങ്ങിയവയും വിദ്യാർഥികൾ ഉന്നയിച്ചു. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നവർ ​ഗ്ലൗസോ തൊപ്പിയോ ധരിക്കാറില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. പി എസ് സി, യു പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഒട്ടേറെ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ രാത്രി 9.30-ന് ​ഗേറ്റ് അടക്കുന്നതിന്റെ പ്രശ്നവും ചിലർ ചൂണ്ടിക്കാട്ടി. ഇതുകാരണം രാത്രി വൈകി പരിശീലനക്ലാസ് കഴിഞ്ഞെത്തുന്നവർ സമീപത്തെ പാർക്കുകളിലാണ് ഉറങ്ങാറുള്ളതെന്നും വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റൽ വളപ്പിൽ സാമൂഹികവിരുദ്ധരുടെ ശല്യവും പരാതിയായി.

ഒടുവിൽ എല്ലാ പരാതികൾക്കും പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന് ഉറപ്പുനൽകിയാണ് മുഖ്യമന്ത്രി മടങ്ങിയത്. പരാതികളിൽ അടിയന്തരമായ പരിഹാരനടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഒപ്പമുണ്ടായിരുന്ന ഉദ്യോ​ഗസ്ഥർക്ക് നിർദേശവും നൽകി.

കഴിഞ്ഞ ഡിഎംകെ സർക്കാരാണ് സൈദാപ്പേട്ടിൽ പത്തുനിലകളിലായി പുതിയ ഹോസ്റ്റൽ കെട്ടിടം നിർമിച്ചത്.