കേരളത്തോടൊപ്പം അസമും പുതുച്ചേരിയും, മൂന്നിടത്തും കനത്ത പോളിംഗ്; വിധി എഴുതുന്നത് 5 കോടിയിലേറെ വോട്ടർമാർ

Published : Apr 09, 2026, 02:06 PM IST
കേരളത്തോടൊപ്പം അസമും പുതുച്ചേരിയും, മൂന്നിടത്തും കനത്ത പോളിംഗ്; വിധി എഴുതുന്നത് 5 കോടിയിലേറെ വോട്ടർമാർ

Synopsis

രാജ്യത്ത് നിർണായകമായ മൂന്ന് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായാണ് പോളിംഗ് നടക്കുന്നത്. രാവിലെ 7 മണി മുതൽ വോട്ടർമാർ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി തുടങ്ങി.

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച രീതിയിൽ പോളിംഗ് പുരോഗമിക്കുന്നു. ഉച്ചയോടെ കേരളത്തിലെ പോളിംഗ് 50 ശതമാനത്തിലേയ്ക്ക് അടുക്കുകയാണ്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഉച്ചവെയിൽ കനക്കും മുമ്പ് തന്നെ പരമാവധി ആളുകളും വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് പോളിംഗ് ശതമാന കണക്കുകൾ വ്യക്തമാക്കുന്നത്. 1987ലാണ് അവസാനമായി 80 ശതമാനം കടന്നത്. അന്ന് എൽഡിഎഫായിരുന്നു അധികാരത്തിലെത്തിയത്. ഏകദേശം സമാനമായ രീതിയിലാണ് കേരളത്തിൽ പോളിംഗ് പുരോഗമിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടക്കുന്നത്. കാസര്‍കോടാണ് കുറവ്. 

അതേസമയം, അസമിലും പുതുച്ചേരിയിലും മികച്ച രീതിയിൽ തന്നെയാണ് പോളിംഗ് പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് 1 മണിയ്ക്ക് അസമിൽ പോളിംഗ് 60 ശതമാനത്തിലേയ്ക്ക് അടുക്കുകയാണ്. 59.63 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്ന പോളിംഗ്. പുതുച്ചേരിയിൽ 56.83 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.

മൂന്ന് സംസ്ഥാനങ്ങളിലും സമാധാനപരമായി വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ ഒരുക്കങ്ങളാണ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചതിനൊപ്പം ബൂത്തുകളിൽ കർശന സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സുരക്ഷാ സേനയെയും വലിയ തോതിൽ വിന്യസിച്ചിട്ടുണ്ട്. പോളിംഗ് നടപടികൾ സുതാര്യമാക്കാൻ പലയിടത്തും വെബ്കാസ്റ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. വോട്ടർമാർക്ക് ബുദ്ധിമുട്ടില്ലാതെ വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യങ്ങളും നൽകിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പുകളുടെ ഫലം മെയ് 4-ന് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്നിടങ്ങളിലുമായി ഏകദേശം 5.3 കോടി വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

കേരളത്തിൽ എൽഡിഎഫ് - യുഡിഎഫ് പോരാട്ടം പ്രധാനം

140 നിയമസഭാ സീറ്റുകളുള്ള കേരളത്തിൽ പ്രധാനമായും എൽഡിഎഫും യുഡിഎഫും തമ്മിലാണ് കടുത്ത മത്സരം. ആകെ 883 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താനാണ് ലക്ഷ്യമിടുന്നത്. മറുഭാഗത്ത്, കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണി ഭരണ വിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്. ഇത്തവണ സംസ്ഥാനത്ത് തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കാൻ ബിജെപിയും ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ആകെ വോട്ടർമാരിൽ 1.32 കോടി പുരുഷന്മാരും 1.39 കോടി സ്ത്രീകളുമാണ്.

അസമിൽ ബിജെപിയും കോൺഗ്രസ് സഖ്യവും നേർക്കുനേർ

അസമിൽ ബിജെപി സഖ്യവും കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. സംസ്ഥാനത്ത് 126 നിയമസഭാ സീറ്റുകളാണുള്ളത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സഖ്യം മൂന്നാം തവണയും ഭരണം നിലനിർത്താനാണ് ശ്രമിക്കുന്നത്. അതേസമയം, കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സഖ്യം വിജയത്തിനായി രംഗത്തുണ്ട്. സംസ്ഥാനത്ത് ആകെ 2.50 കോടി വോട്ടർമാരുണ്ട്. ഇതിൽ 1.25 കോടി സ്ത്രീകളും 318 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.

പുതുച്ചേരിയിൽ ബഹുമുഖ മത്സരം

പുതുച്ചേരിയിലെ രാഷ്ട്രീയ സമവാക്യങ്ങൾ കുറച്ചുകൂടി വ്യത്യസ്തമാണ്. ഇവിടെ ആകെ 30 നിയമസഭാ സീറ്റുകളാണുള്ളത്, ഏകദേശം 9.5 ലക്ഷം വോട്ടർമാരുമുണ്ട്. ഈ തെരഞ്ഞെടുപ്പിൽ 294 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. സംസ്ഥാന പദവി വിഷയം ഇത്തവണ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമാണ്. കോൺഗ്രസ്-ഡിഎംകെ സഖ്യം ഭരണമുന്നണിക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇതോടൊപ്പം നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശം പുതുച്ചേരിയിൽ ഒരു ത്രികോണ മത്സരത്തിന് വഴിയൊരുക്കിയിട്ടുമുണ്ട്.

ഫലത്തിനായി ഉറ്റുനോക്കി രാജ്യം

കേരളത്തിലെ ആശയപരമായ പോരാട്ടവും, അസമിലെ ദ്വിമുഖ രാഷ്ട്രീയ മത്സരവും, പുതുച്ചേരിയിലെ ബഹുമുഖ പോരാട്ടവും കാരണം ഈ തെരഞ്ഞെടുപ്പുകൾക്ക് രാജ്യവ്യാപകമായി വലിയ പ്രാധാന്യമുണ്ട്. വോട്ടർമാർ ആർക്കൊപ്പമാകും വിധിയെഴുതുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വനിത സംവരണ ഭേദഗതി ബിൽ; എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പത്രങ്ങളിൽ ലേഖനം
ഗുഗിൾ പേയിലെ 'പോക്കറ്റ് മണി' തട്ടിപ്പോ, വാട്സാപ്പ് ഓഡിയോ കേട്ട് പേടിച്ചോ?, പക്ഷെ സംഭവം ഇതാണ്, കുട്ടികൾക്കും ഇനി ജി പേ