സ്വിറ്റ്സർലൻഡിലേക്ക് പോയ ദമ്പതികളെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം. ഹൈദരാബാദ് സ്വദേശി പി ചന്ദ്രശേഖർ (51), ഭാര്യ സ്വപ്ന (42) എന്നിവരെയാണ് കാണാനില്ലെന്ന മകളുടെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. 

ഹൈദരാബാദ്: സ്വിറ്റ്സർലൻഡിൽ അവധിയാഘോഷിക്കാൻ പോയ ഹൈദരാബാദ് സ്വദേശിയായ വ്യവസായിയെയും ഭാര്യയെയും കാണാതായെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. വ്യവസായിയായ പി ചന്ദ്രശേഖർ (51), ഭാര്യ സ്വപ്ന (42) എന്നിവരെയാണ് കാണാതായത്. മാതാപിതാക്കളെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് 23കാരിയായ മകൾ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ദമ്പതികളുടെ ചിട്ടിക്കമ്പനിയിലേക്ക് നിക്ഷേപകരിൽനിന്ന് കോടികൾ വാങ്ങിയ ശേഷമാണ് ഇരുവരും നാടുവിട്ടതെന്ന് പൊലീസ് കണ്ടെത്തി. ഇരുവരും പണം തട്ടി മുങ്ങിയതാണോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇക്കഴിഞ്ഞ ജൂൺ 22നാണ് ചന്ദ്രശേഖറും ഭാര്യ സ്വപ്നയും സ്വിറ്റ്സർലൻഡിൽ അവധിയാഘോഷിക്കാനായി വീടുവിട്ടത്. ആദ്യം ഇവർ ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നെങ്കിലും ജൂലൈ എട്ടിന് ശേഷം അതുണ്ടായില്ല. ദമ്പതികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾ പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ പരിധിക്ക് പുറത്താണെന്നായിരുന്നു മറുപടി. ഇതോടെ ആണ് സോഫ്റ്റ്‍വെയർ കമ്പനി ജീവനക്കാരിയായ മകൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

സ്വിറ്റ്സ‍ർലൻഡിൽ അവധിയാഘോഷിക്കാൻ പോയ ശേഷം മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് മകളുടെ പരാതി. ദമ്പതികളുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.

ദമ്പതികളുടെ യാത്രാവിവരങ്ങളും ഇമി​ഗ്രേഷൻ രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണ പ്രാരംഭ ഘട്ടത്തിലാണെന്നും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ലെന്നും കേസ് അന്വേഷിക്കുന്ന ചെർളപ്പള്ളി പൊലീസ് അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.