
ദില്ലി: കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 4 നായിരിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് എസ് ഐ ആറിനുശേഷം മാർച്ച് 13 വരെയുള്ള കണക്ക് പ്രകാരം 2.70 കോടി വോട്ടര്‍മാരായുള്ളത്. ഇനിയും വോട്ടര്‍പട്ടികയിൽ പേരുചേര്‍ക്കാൻ സമയം അവസരമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇനി വാശിയേറിയ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.
കേരളത്തിൽ മൂന്നാം തുടർ ഭരണം എൽ ഡി എഫ് ലക്ഷ്യമിടുമ്പോൾ അധികാര വഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്. തമിഴ്നാട്ടിലാകട്ടെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഡി എം കെ സർക്കാരും തുടർ ഭരണമാണ് ലക്ഷ്യമിടുന്നത്. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ എ ഐ എ ഡി എം കെ ഭരണത്തിൽ തിരിച്ചെത്താമെന്ന സ്വപ്നം കാണുമ്പോൾ നടൻ വിജയ് നയിക്കുന്ന ടി വി കെയുടേത് അത്ഭുത വിജയമെന്ന സ്വപ്നമാണ്. 34 വർഷത്തെ സി പി എം ഭരണത്തിന് അറുതിവരുത്തി 2011 ൽ അധികാരത്തിലേറിയ മമതയുടെ തൃണമൂൽ ബംഗാളിൽ തുടർച്ചയായ നാലാം ഭരണകാലത്തിനായുള്ള പോരാട്ടത്തിലാണ്. ശക്തമായ വെല്ലുവിളിയുയർത്തുന്ന ബി ജെ പി, ബംഗാൾ ജനതയും ഡബിൾ എഞ്ചിൻ സർക്കാരിനെ തെരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ്. അധികാര വഴിയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ സി പി എമ്മും കോൺഗ്രസും പങ്കുവയ്ക്കുന്നുണ്ട്. അസമിൽ ബി ജെ പി അധികാര തുടർച്ച ലക്ഷ്യമിടുമ്പോൾ കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ്. പുതുച്ചേരിയിലും സമാനമാണ് അവസ്ഥ.
ആകെ വോട്ടർമാർ 2,71,11,856 (മാർച്ച് 13 വരെ)
സ്ത്രീ വോട്ടർമാർ 1.38 കോടിയിലധികം
പുരുഷ വോട്ടർമാർ 1.32 കോടിയിലധികം
ഭിന്നലിംഗ വോട്ടർമാർ 227
18-19 വയസ്സിന് ഇടയിലുളളവർ 4,24,518
ആകെ പോളിങ് ബൂത്തുകൾ 30,471
കൂടിയ പോളിങ് ബൂത്തുകൾ 5034
വോട്ടെണ്ണൽ കേന്ദ്രങ്ങൾ 41
നാമനിർദേശ പത്രിക നൽകാനുളള ദിവസം വരെ വോട്ട് ചേർക്കാം
18 വയസ്സ് പൂർത്തിയായവർക്ക് അവസരം
എസ് ഐ ആറിൽ പേര് ചേർക്കാൻ കഴിയാത്തവർക്കും അവസരം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam