ടിപ്പുവിനെ പിന്തുണയ്ക്കുന്നവർക്ക് കർണാടകയിൽ ജീവിക്കാൻ അവകാശമില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് സിദ്ധരാമയ്യയെക്കുറിച്ച് മന്ത്രിയുടെ വിവാദ പരാമർശം.
ബെംഗളൂരു: 18ാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനെ അവസാനിപ്പിച്ചതുപോലെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെയും അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവും കർണാടകയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ സി എൻ അശ്വത് നാരായൺ. പ്രസ്താവന വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് മന്ത്രി രംഗത്തെത്തി. വിവാദ പരാമർശം നടത്തിയ മന്ത്രി രാജിവെക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. എന്നാൽ, പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി വ്യാഴാഴ്ച നിയമസഭയിൽ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയം ഉറപ്പാക്കണം എന്നതായിരുന്നു ഉദ്ദേശിച്ചത്. സിദ്ധരാമയ്യയുമായി വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസങ്ങൾ മാത്രമേയുള്ളൂവെന്നും തന്റെ പ്രസ്താവന അദ്ദേഹത്തെ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ടിപ്പുവിനെ പിന്തുണയ്ക്കുന്നവർക്ക് കർണാടകയിൽ ജീവിക്കാൻ അവകാശമില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് സിദ്ധരാമയ്യയെക്കുറിച്ച് മന്ത്രിയുടെ വിവാദ പരാമർശം. മന്ത്രിയുടെ പരാമർശത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദമായത്. നാരായണനും കട്ടീലിനെതിരെ കോൺഗ്രസ് നേതാക്കൾ ബെംഗളൂരുവിലെ മല്ലേശ്വരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റാൽ ടിപ്പുവിനെ ആരാധിക്കുന്ന സിദ്ധരാമയ്യ അധികാരത്തിലെത്തുമെന്ന് തിങ്കളാഴ്ച മാണ്ഡ്യയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് അശ്വന്ത് നാരായൺ പറഞ്ഞു. നിങ്ങൾക്ക് ടിപ്പുവിനെ വേണോ അതോ സവർക്കറെ വേണോ. ഈ ടിപ്പു സുൽത്താനെ എവിടേക്കയക്കണം. ഉറി ഗൗഡ നഞ്ചെ ഗൗഡ എന്താണ് ചെയ്തത്. നിങ്ങൾ സിദ്ധരാമയ്യയെ അതേ രീതിയിൽ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ടിപ്പുവിനെ കൊലപ്പെടുത്തിയതിൽ രണ്ട് വൊക്കലിഗ ഗൗഡ പ്രമുഖർക്ക് പങ്കുണ്ടെന്ന് ബിജെപി അടുത്തിടെ അവകാശപ്പെട്ടിരുന്നു.
കൊലപാതകത്തിന് ആഹ്വാനം ചെയ്ത അശ്വന്ത് നാരായണിന് മന്ത്രിസഭയിൽ തുടരാൻ ധാർമ്മിക അവകാശമില്ലെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. ഭരണ നേട്ടങ്ങളെ അടിസ്ഥാനമാക്കി വോട്ട് ചോദിക്കാൻ ബിജെപിക്ക് ധൈര്യമില്ല. അതിനാൽ തന്നെ വധിക്കാൻ ശ്രമിക്കുകയാണ്. മന്ത്രിക്കെതിരെ ബിജെപി നടപടിയെടുത്തില്ലെങ്കിൽ അശ്വത് നാരായണനോട് ബിജെപി യോജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കിറ്റൂർ റാണി ചെന്നമ്മ, സങ്കൊല്ലി രായണ്ണ തുടങ്ങിയവരെപ്പോലെ ടിപ്പുവിനെ ബഹുമാനിക്കുന്നുണ്ടെന്ന് മുൻ കോൺഗ്രസ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എനിക്ക് മനുഷ്യത്വമുണ്ട്. ഞാൻ ഹിന്ദുക്കളെ സ്നേഹിക്കുന്നു, ഞാൻ മുസ്ലീങ്ങളെ സ്നേഹിക്കുന്നു, ഞാൻ ക്രിസ്ത്യാനികളെ സ്നേഹിക്കുന്നു, ഞാൻ സിഖുകാരെയും സ്നേഹിക്കുന്നു. ഞാൻ എല്ലാവരേയും സ്നേഹിക്കുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.
