
കൊച്ചി: ഭുവനേശ്വറിൽ നിന്നും കേരളത്തിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചതാണ് മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവർ സംഘം. ട്രെയിനിൽ തങ്ങൾക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കുട്ടികളുടെ വിവരങ്ങൾ അന്വേഷിച്ച് നടത്തിയ ഇടപെടലിലൂടെ 21 കുട്ടികളുടെ ജീവിതം തിരികെ പിടിച്ചിരിക്കുകയാണ് റൂറൽ ജില്ലയിലെ സി.പി.ഒമാരായ ടി.എസ് സുബീഷ് (പുത്തൻവേലിക്കര), കെ.എം മജീഷ് (കൂത്താട്ടുകുളം) പി.എസ് സുജിത്ത് ലാൽ (മുനമ്പം) എന്നിവർ.
കേസന്വേഷണത്തിൻ്റെ ഭാഗമായി ഒഡീഷയിൽ പോയ സംഘം വിവേക് എക്സപ്രസിലാണ് കേരളത്തിലേക്ക് യാത്ര തിരിച്ചത്. ഇവരുടെ സീറ്റിന് സമീപത്തായി ഏകദേശം 10 - 14 വയസ്സ് തോന്നിക്കുന്ന കുറച്ച് കുട്ടികൾ ഒരുമിച്ച് ഇരിക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. ട്രെയിനിൽ കൊണ്ടു വരുന്ന ഭക്ഷണങ്ങൾ അവരുടെ പോക്കറ്റിൽ നിന്നും പണമെടുത്ത് വാങ്ങുന്നത് കണ്ടതോടെ കൂടെ ആരും ഇല്ലെന്ന് മനസിലാക്കി. തുടർന്ന് അവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ട്രെയിനിൽ പല ബോഗികളിലായി ഇനിയും കുട്ടികൾ ഉണ്ടെന്നും പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമെന്നും കുട്ടികളല്ലാത്ത 2 പേർ കൂടെ ഒപ്പം ഉണ്ടെന്നും കുട്ടികൾ പറഞ്ഞു. ബീഹാറിൽ നിന്നുമാണ് വന്നതെന്നും സ്കൂളിൽ പോകാറില്ലെന്നും പറഞ്ഞത് സംശയം ശക്തമാക്കി. ഇതോടെ കുട്ടികളുടേയും അവരുടെ കൂടെ വന്നവരുടെയും ഫോട്ടോ എടുത്ത് എറണാകുളം റൂറൽ ജില്ലയിലെ എസ്.എസ്.ബിയിലെ സബ് ഇൻസ്പെക്ടർ ഷാനിന് ഫോൺ മുഖാന്തിരം കൈമാറി. വാട്ട്സ് ആപ്പിൽ ഫോട്ടോയും ട്രെയിനിൻ്റെ ഡീറ്റെയ്ൽസും അയച്ചു കൊടുക്കുകയും ചെയ്തു. ഷാൻ പാലക്കാട് എസ്.എസ്.ബിയുമായി ബന്ധപ്പെടുകയും 11-ാം തിയ്യതി ട്രെയിൻ പാലക്കാട് എത്തിയപ്പോൾ രണ്ട് പോലീസ് ഉദ്യോഗസ്ഥർ എത്തി കുട്ടികളോടും കൂടെയുണ്ടായിരുന്നവരോടും വിവരങ്ങൾ തിരക്കി.
ഇവരുടെ കൈവശമുണ്ടായിരുന്ന രേഖകൾ പരിശോധിക്കുകയും ചെയ്തെങ്കിലും രേഖകൾ വ്യക്തമല്ലാത്തതിനാലും മൊഴികളിൽ അവ്യക്തതയുള്ളതിനാലും പാലക്കാട് പോലീസ് നടപടികൾ സ്വീകരിച്ചു. നിലവിൽ കുട്ടികളെ ചൈൽഡ് വെൽഫെയർ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam