ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധി: രാഷ്ട്രപതി റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം

Published : Aug 19, 2025, 11:59 AM ISTUpdated : Aug 19, 2025, 12:14 PM IST
supreme court

Synopsis

കേരളത്തിൻ്റെ പ്രാഥമിക വാദം പൂർത്തിയായി 

ദില്ലി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം. രാഷ്ട്രപതിയുടെ റഫറന്‍സ് കേന്ദ്ര സര്‍ക്കാരിന്‍റേതാണെന്നും സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രമമെന്നും കേരളത്തിനു വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാൽ കോടതിയിൽ പറഞ്ഞു. ആർട്ടിക്കിൾ 200 പ്രകാരം ബില്ല് ഗവർണർക്ക് നൽകിയാൽ അദ്ദേഹം എന്താണ് ചെയ്യേണ്ടത് എന്നതിന്റെ ഉത്തരമാണ് തമിഴ്നാട് വിധി ന്യായം. എത്രയും വേഗം എന്നതിന് സമയപരിധി ആവശ്യമാണ്. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രപതിയുടെ ചുമതല. അതിനെ മറികടന്ന് പോകുക എന്നതല്ലെന്നും കേരളം വാദിച്ചു. 

അതേസമയം, രാഷ്ട്രപതിയുടെ റഫറൻസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് തമിഴ്നാടിന്റെ വാദം. രണ്ടംഗ ബെഞ്ചിന്റെ വിധിയെ റഫറൻസിലൂടെ പുനഃപരിശോധിക്കാനാകില്ല. അതിന് മറ്റു വഴികളാണ് നിയമത്തിലുള്ളതെന്നും തമിഴ്നാടിന് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അഭിഭാഷകനായ സിംഗ് വി ആണ് തമിഴ്നാടിന് വേണ്ടി വാദിക്കുന്നത്. ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധിയിൽ സുപ്രീം കോടതി ഇതിനോടകം തന്നെ തീരുമാനം എടുത്ത കാര്യങ്ങളിലാണ് വീണ്ടും വാദം കേൾക്കുന്നത്.

റഫറന്‍സ് അയക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുൻപും ഇത്തരത്തിൽ റഫറൻസുകൾ നൽകിയിട്ടുണ്ട്. ബാബറി മസ്ജിദ് റഫറൻസ് ഒഴികെ എല്ലാ റഫറൻസിലും സുപ്രീം കോടതി ഉത്തരവ് പറഞ്ഞിട്ടുമുണ്ടെന്നും വിധിയിൽ പൊരുത്തക്കേട് ഉണ്ടെന്ന് തോന്നിയതിനാലാണ് രാഷ്ട്രപതി റഫറൻസ് നൽകിയതെന്നും സുപ്രീം കോടതിക്ക് മുമ്പാകെ കേന്ദ്രം വാദിച്ചു. കേന്ദ്ര സർക്കാരിനായി എജിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമാണ് വാദിക്കുന്നത്. രാഷ്ട്രപതി നൽകിയ റഫറൻസ് നിലനിൽക്കുമോ എന്നുള്ളതിലാണ് ഇപ്പോൾ വാദം നടക്കുന്നത്. ഈ റഫറൻസ് നിലനിൽക്കില്ല എന്ന വാദമാണ് കേരളവും തമിഴ്നാടും സുപ്രീംകോടതിയിൽ ഉന്നയിക്കുന്നത്.

കേസിൽ സംസ്ഥാന സർക്കാരിനുവേണ്ടി മുൻ അറ്റോർണി ജനറൽ കെകെ വേണുഗോപാലിന് പുറമെ, അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, സ്റ്റാന്റിങ് കോൺസുൽ സികെ ശശി, സീനിയർ ഗവൺമെന്റ് പ്ലീഡർ വി മനു, അഭിഭാഷകൻ സി ഇ ഉണ്ണികൃഷ്ണൻ എന്നിവർ ഹാജരായി. 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ