
ദില്ലി: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തി. റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. 3795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. യു പി എ സർക്കാരിന്റെ കാലത്തെക്കാൾ പത്തിരട്ടി തുകയാണ് ഇതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി മെട്രോമാൻ ശ്രീധരൻ മുന്നോട്ട് പോകുന്നതിലും റെയിൽവേ മന്ത്രി പ്രതികരിച്ചു. ശ്രീധരന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിന്‍റെ പിന്തുണയുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കേരളത്തിന്‍റെ റെയിൽ വികസനത്തെക്കുറിച്ച് അദ്ദേഹത്തോട് ചർച്ച നടത്തിയിരുന്നു. കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ വരുമെന്നും അശ്വിനി വൈഷ്ണവ് ഉറപ്പ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ റെയിൽവേ മന്ത്രി തയ്യാറായില്ല. കേരളത്തിൽ അതിവേഗ റെയിൽ പാത എപ്പോൾ വരുമെന്ന ചോദ്യത്തിനും മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല.
കേരളത്തിലെ പ്രധാന പദ്ധതികളായ മംഗലാപുരം - ഷൊർണ്ണൂർ നാലാം പാതയുടെ ഡി പി ആർ നടപടികളും, 106 കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണ്ണൂർ - എറണാകുളം മൂന്നാം പാതയുടെ ഫീൽഡ് സർവേയും പുരോഗമിക്കുകയാണ്. ശബരിപ്പാതയ്ക്കുള്ള എല്ലാ നടപടികളും പൂർത്തിയായതായും മന്ത്രി അറിയിച്ചു. തിരുനാവായ-ഗുരുവായൂർ പുതിയ പാത പ്രഖ്യാപിച്ചെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ റെയിൽവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പുതിയ കത്ത് നൽകുമെന്നും മന്ത്രി പറഞ്ഞു. എറണാകുളത്തെ ഡീസൽ ഷെഡുമായി ബന്ധപ്പെട്ട് ഉയരുന്ന തർക്കങ്ങൾ അനാവശ്യമാണെന്നും വെറുതെ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ, രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിനുകൾ കൂടി പ്രഖ്യാപിക്കുമെന്നും ഇതിൽ അഞ്ചെണ്ണം തെക്കേ പടിഞ്ഞാറൻ ഇന്ത്യയെ കേന്ദ്രീകരിച്ചായിരിക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam