അമൃത്സറിൽ നിന്നും പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ന്യൂ ജൽപായ്ഗുരി ജംഗ്ഷനിലേക്ക് പോവുകയായിരുന്നു ട്രെയിനിലാണ് അപകടമുണ്ടായത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായി വിവരം.
രാജ്പുര: പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം. കർമഭൂമി എക്സ്പ്രെസ്സിനാണ് തീപിടിച്ചത്. രാജ്പുരയ്ക്ക് സമീപത്ത് വച്ചാണ് ട്രെയിനിൽ അഗ്നിബാധയുണ്ടായത്. നാല് കോച്ചുകൾക്ക് തീ പിടിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അമൃത്സറിൽ നിന്നും പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ന്യൂ ജൽപായ്ഗുരി ജംഗ്ഷനിലേക്ക് പോവുകയായിരുന്നു ട്രെയിനിലാണ് അപകടമുണ്ടായത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായി വിവരം. ട്രെയിനിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. സംഭവത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയുണ്ടായ തീ നിയന്ത്രണ വിധേയമാക്കിയെന്നാണ് റെയിൽവേ വിശദമാക്കുന്നത്. ഒരു കോച്ചിലെ ഫാനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് റെയിൽവേ വിശദമാക്കുന്നത്. തീ പടർന്നതോടെ ട്രെയിൻ നിർത്തിയിട്ടു. വെള്ളിയാഴ്ചകളിൽ മാത്രം സർവീസ് നടത്തുന്ന പ്രത്യേക ട്രെയിനിലാണ് അഗ്നിബാധയുണ്ടായത്.
നിരവധി യാത്രക്കാർ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടുന്നത് കണ്ടതായാണ് ദൃക്സാക്ഷികൾ വിശദമാക്കുന്നത്. മൂന്ന് കോച്ചുകൾ കത്തിനശിച്ചു. നാലാമത്തെ കോച്ചിലേക്ക് തീ പടരുന്നതിനിടെയാണ് നിയന്ത്രണ വിധേയമാക്കിയത്. ദീപാവലി ആഘോഷത്തിനായി സ്വന്തം വീടുകളിലേക്ക് മടങ്ങിയിരുന്ന ആളുകളാണ് ട്രെയിനിലെ യാത്രക്കാരിലേറെയും. ആദ്യത്തെ നാല് കോച്ചുകളിലാണ് വലിയ രീതിയിൽ അഗ്നി പടർന്നത്. ആളുകൾ രക്ഷപ്പെടാനുള്ള പരിശ്രമത്തിനിടെ വീണ് പരിക്കേറ്റവരാണ് യാത്രക്കാരിലേറെയും.






