
ബെംഗളൂരു: ബംഗളൂരു യെലഹങ്കയിൽ വിവാഹവീട്ടിൽ സംഘർഷം. വിവാഹ വീട്ടിലെത്തിയവരും തൊട്ടടുത്ത വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി വിദ്യാർത്ഥികളുമാണ് ഏറ്റുമുട്ടിയത്. വിവാഹ വീട്ടിലെത്തിയവരെ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി വിദ്യാർത്ഥികൾ അപമാനിച്ചെന്ന് ആരോപിച്ചാണ് തർക്കം തുടങ്ങിയത്. വിവാഹ വീട്ടിലെത്തിയവർ മലയാളി വിദ്യാർത്ഥികളുമായി തർക്കം നടക്കുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
മലയാളി വിദ്യാർത്ഥികൾ താമസിക്കുന്ന പിജി നടത്തുന്ന ശ്രീനിവാസനും ഭാര്യക്കും മർദനമേറ്റു. വിവാഹ വീട്ടിൽ എത്തിയവർ വീട്ടിൽ കയറി മർദ്ദിച്ചുവെന്ന് ശ്രീനിവാസൻ ആരോപിച്ചു. അതേസമയം മലയാളി വിദ്യാർത്ഥികളെ ശ്രീനിവാസൻ തങ്ങളെ ആക്രമിക്കാനായി നിയോഗിച്ചെന്ന് മറുഭാഗവും ആരോപിക്കുന്നു. സംഭവത്തിൽ ന്യൂ യെലഹങ്ക പൊലീസ് കേസെടുത്തു. ഇരു വിഭാഗവും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ഇരു വിഭാഗത്തിൽ നിന്നുള്ളവർക്കുമെതിരെയാണ് പരാതി. വിവാഹത്തിനെത്തിയവരുടെ പരാതിയിൽ മലയാളി വിദ്യാർത്ഥികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.