Latest Videos

ഗള്‍ഫ് രാജ്യങ്ങളുമായുള്ള നല്ല ബന്ധം ഏറ്റവും ഗുണം ചെയ്യുന്നത് മലയാളികള്‍ക്ക്: പ്രധാനമന്ത്രി

By Web TeamFirst Published Apr 21, 2024, 10:30 AM IST
Highlights

മുന്‍ സര്‍ക്കാരുകള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മോദിയുടെ വിമർശനം

ദില്ലി: ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നല്ല ബന്ധം ഏറ്റവും ഗുണകരമാകുന്നത് കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, യുഎഇയും സൗദിയും അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുമായി മികച്ച ബന്ധമാണെന്നും മോദി പറഞ്ഞു.

മുന്‍ സര്‍ക്കാരുകള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മോദി പറഞ്ഞു. എണ്ണ ഇറക്കുമതി ചെയ്യുക, തൊഴിലാളികളെ കയറ്റുമതി ചെയ്യുക എന്നീ രണ്ട് കാര്യങ്ങളില്‍ മാത്രമായിരുന്നു മുമ്പത്തെ സര്‍ക്കാരുകള്‍ ശ്രദ്ധയൂന്നിയിരുന്നത്. എന്നാലിപ്പോള്‍ ഈ കൊടുക്കല്‍, വാങ്ങല്‍ പ്രക്രിയക്ക് അപ്പുറത്ത് വികസനത്തിന് വേണ്ടി പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി ഇന്ത്യ കൈകോര്‍ക്കുകയാണ്. യുഎഇയുമായി ഇപ്പോള്‍ വ്യാപാര കരാറുണ്ട്. ഇപ്പോള്‍ സാങ്കേതിക വിദ്യയും സേവനങ്ങളും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. നമ്മുടെ സര്‍വകലാശാലകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കാര്‍ഷിക രംഗത്തും സഹകരണമുണ്ടെന്ന് മോദി ചോദ്യത്തിനുത്തരമായി പറഞ്ഞു.

'30 വര്‍ഷമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും കടന്നുചെന്നിട്ടില്ലാത്ത, 25.30 ലക്ഷം ഇന്ത്യക്കാര്‍ വസിക്കുന്ന യുഎഇയിലേക്കാണ് 2015-ല്‍ ഞാന്‍ സന്ദര്‍ശനം നടത്തിയത്. അവിടെയുള്ള ഇന്ത്യക്കാരെ സന്ദര്‍ശിക്കാതിരുന്നാല്‍ അവര്‍ അര്‍ഹിക്കുന്ന ബഹുമാനം എങ്ങനെയാണ് ലഭിക്കുക. കേരളത്തില്‍ നിന്ന് ഏറെ പേര്‍ ജോലി ചെയ്യുന്ന യുഎഇ സന്ദര്‍ശിക്കാത്തത് എനിക്ക് വലിയ വേദനയായിരുന്നു. അതിനാല്‍ ഞാന്‍ യുഎഇയിലേക്ക് പോയി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 13 വട്ടം ഞാന്‍ മിഡില്‍ ഈസ്റ്റ് സന്ദര്‍ശിച്ചു. കൊവിഡ് മഹാമാരിക്കാലത്ത് ഗള്‍ഫ് രാജ്യങ്ങളുമായുള്ള നല്ല ബന്ധം ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സഹായകമായി'-മോദി അഭിമുഖത്തില്‍ പറയുന്നു.

Read more: ബിജെപി ക്രൈസ്തവര്‍ക്കൊപ്പം, പള്ളിത്തര്‍ക്കത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ടു: നരേന്ദ്ര മോദി

'കനത്ത ബോംബാക്രമണം നടക്കുമ്പോള്‍ യമനില്‍ നിന്നും രണ്ട് ആഭ്യന്തര സൈന്യങ്ങള്‍ തമ്മില്‍ യുദ്ധം നടക്കവെ സുഡാനില്‍ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. സൗദി ജയിലുകളില്‍ കഴിയുകയായിരുന്ന 850-ഓളം മലയാളികളെ എന്റെ അഭ്യര്‍ഥന പ്രകാരം മോചിപ്പിച്ചു. ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന നാവികസേന ഉദ്യോഗസ്ഥരെ വിട്ടയച്ച രാജാവിന് നന്ദിയറിയിക്കുന്നു. ഇതൊക്കെ ഇന്ത്യയും മറ്റ് രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധത്തിന് ഉദാഹരണങ്ങളാണ്. ഹജ് കര്‍മ്മം നിര്‍വഹിക്കാന്‍ എന്റെ അഭ്യര്‍ഥന പ്രകാരം ഇന്ത്യക്കാര്‍ക്കുള്ള ക്വാട്ട വര്‍ധിപ്പിച്ചു. യുഎഇയില്‍ പ്രാര്‍ഥിക്കാന്‍ ഒരു ക്ഷേത്രം വേണമെന്ന് അവിടെയുള്ള ഇന്ത്യക്കാരുടെ ആഗ്രഹമായിരുന്നു. അതിനുള്ള എല്ലാ സഹായവും യുഎഇ ഇന്ത്യക്ക് നല്‍കി. ഇതൊന്നും വിദേശ രാജ്യങ്ങള്‍ ചെയ്തുതരുന്നത് എന്നോടുള്ള ബഹുമാനം കൊണ്ടല്ല, 140 കോടി ഇന്ത്യക്കാരോടുള്ള ആദരം കാരണമാണ്. ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ളവയുമായുള്ള ഇന്ത്യയുടെ ഗുണപരമായ ബന്ധങ്ങള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ്' എന്നും മോദി പറഞ്ഞു.

ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി ഒരു മലയാള മാധ്യമത്തിന് അഭിമുഖം അനുവദിച്ചത്. മോദി നല്‍കിയ ഏറ്റവും ദൈര്‍ഘ്യമേറിയ അഭിമുഖവും ഇതാണ്. ഏഷ്യാനെക്‌സ്റ്റ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റ, ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, സുവര്‍ണ ന്യൂസ് എഡിറ്റര്‍ അജിത് ഹനമക്കനാവര്‍ എന്നിവരാണ് മോദിയുമായി അഭിമുഖം നടത്തിയത്.  

Read more: സിപിഎമ്മില്‍ അഴിമതിയും കുടുംബവാഴ്ചയും, പിണറായിയോട് മൃദുസമീപനം ഇല്ല: നരേന്ദ്ര മോദി

കാണാം അഭിമുഖത്തിന്‍റെ പൂർണ രൂപം 

click me!