Ukraine Crisis : റൊമേനിയ അതിർത്തി കടന്ന മലയാളികൾ ഇന്ത്യയിലേക്ക് തിരിച്ചു; ആദ്യ സംഘം രാത്രി മുംബൈയിലെത്തും

By Web TeamFirst Published Feb 26, 2022, 5:51 PM IST
Highlights

ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇന്ത്യന്‍ എംബസി അധികൃതർ നല്‍കി.  റൊമാനിയൻ അംബാസഡർ രാഹുൽ ശ്രീവാസ്തവ ആദ്യ സംഘത്തെ യാത്രയാക്കി. മുപ്പതിലധികം മലയാളികൾ അടങ്ങുന്ന 219 പേരുടെ സംഘമാണ് മുംബൈയിലെത്തുക. 

ദില്ലി: യുക്രൈനിൽ (Ukraine)  നിന്ന് റൊമേനിയ (Romania)  അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള സംഘം ഇന്ത്യയിലേക്ക് തിരിച്ചു.  219  പേരുടെ ആദ്യ സംഘം രാത്രി മുംബൈയിലെത്തും.  അടുത്ത സംഘം നാളെ പുലര്‍ച്ചയോടെ   ദില്ലിയിലെത്തും.

ആശങ്കയുടെ തീരത്ത് നിന്ന് ഒടുവിൽ അവർ ഇന്ത്യൻ മണ്ണിലേക്ക് എത്തുകയാണ്. ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇന്ത്യന്‍ എംബസി അധികൃതർ നല്‍കി.  റൊമാനിയൻ അംബാസഡർ രാഹുൽ ശ്രീവാസ്തവ ആദ്യ സംഘത്തെ യാത്രയാക്കി. മുപ്പതിലധികം മലയാളികൾ അടങ്ങുന്ന 219 പേരുടെ സംഘമാണ് മുംബൈയിലെത്തുക. 

രണ്ടാമത്തെ സംഘവും  റൊമേനിയൻ അതിർത്തി വഴിയാണ് എത്തുന്നത്. ദില്ലിയിലേക്കാണ് ഇവരെ കൊണ്ടുവരുന്നത്. പതിനേഴ് മലയാളികളാണ് ഈ സംഘത്തിലുള്ളത്. ഇവർക്കുള്ള താമസം കേരളഹൗസിൽ ഒരുക്കിയിട്ടുണ്ട്. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക്  സൗജന്യയാത്ര ഏര്‍പ്പടുത്തും. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക.

'എങ്ങും മോഷണം, തോക്കുകൾ 'ഫ്രീ', ആക്രമിക്കപ്പെട്ടേക്കും': ഭീതിയോടെ മലയാളി പെൺകുട്ടിയുടെ അപേക്ഷ

ബങ്കറുകളിൽ ഒളിച്ചിരിക്കുകയാണ് കാർഖിവിലും കീവിലും മലയാളി വിദ്യാർത്ഥികൾ. ഓരോ തവണയും ബോംബുകളും മിസൈലുകളും പതിക്കുന്ന ശബ്ദത്തിൽ ഭയന്ന് വിറച്ചിരിക്കുകയാണ് ജനം. ഭക്ഷണത്തിനും വെള്ളത്തിനും മാത്രമല്ല, പെൺകുട്ടികൾക്ക് അത്യാവശ്യം വേണ്ട സാനിറ്ററി പാഡുകൾ പോലും കിട്ടാനില്ല. എല്ലായിടത്തും മോഷണം നടക്കുന്നു. എല്ലാവർക്കും തോക്കുകൾ കിട്ടാൻ തുടങ്ങിയതോടെ തീർത്തും അരക്ഷിതാവസ്ഥയിലാണ് ആളുകൾ. ബോഗോമൊളറ്റ്സിലെ മലയാളി വിദ്യാർത്ഥിനി അനിഖയുടെ കത്ത് ഈ ഭീതിയുടെ ആഴം മനസിലാക്കിത്തരുന്നു. 

ബഹുമാനപ്പെട്ട സർ,

യുക്രൈനിലെ സ്ഥിതി, പ്രത്യേകിച്ചും കീവിലും കാർഖിവിലെയും സ്ഥിതി ഒട്ടും തന്നെ മെച്ചപ്പെടുന്നില്ലെന്ന സങ്കടകരമായ വാർത്ത അറിയിക്കുന്നു. അതിനുള്ള കാരണങ്ങൾ ഇവയൊക്കെയാണ്

ഓരോ തവണയും ബോംബുകളും മിസൈലുകളും അടുത്തടുത്തേക്ക് എത്തുന്നു. ആദ്യം ബോംബുകൾ വീഴുന്ന ശബ്ദം മാത്രമാണ് കേട്ടിരുന്നത്. ഇപ്പോൾ തൊട്ടടുത്ത കെട്ടിടങ്ങൾ വരെ കത്തുന്നതാണ് കാണുന്നത്.

  • ഭക്ഷണവും വെള്ളവുമില്ല
  • സൂപ്പർമാർക്കറ്റുകളിൽ നീണ്ട ക്യൂ. എന്തെങ്കിലും കിട്ടാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതി
  • തൊട്ടടുത്ത സ്റ്റേറ്റിൽ എത്തിയാൽ സുരക്ഷിതരാകുമെന്ന് അവർ പറയുന്നു. എന്നാൽ ഡ്രോണുകൾക്കും മിസൈലുകൾക്കും ടാങ്കുകൾക്കും വെടിക്കോപ്പ് നിറച്ച ട്രക്കുകൾക്കും വെടിയുണ്ടകൾക്കും ഇടയിൽ എങ്ങിനെ അവിടെയെത്താൻ കഴിയുമെന്ന് പറയുന്നില്ല. 
  • കീവിൽ നിന്ന് അതിർത്തിയിലേക്ക് പോകാനാവില്ല. പോയവരെ കാണാതാവുകയോ അവർ തടവിലാക്കപ്പെടുകയോ ചെയ്യുന്നു.
  • സ്ത്രീകൾക്ക് ശുചിമുറികളില്ല 
  • കടകൾ കാലിയാണ്, വില കുത്തനെ ഉയർന്നു 
  • എടിഎമ്മുകൾ കാലി. പണം കിട്ടാനില്ല 
  • എല്ലായിടത്തും മോഷണം 
  • പാസ്പോർട്ടുകൾ മോഷണം പോകുന്നു
  • എല്ലാവർക്കും തോക്കുകൾ കിട്ടുന്നു, എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം 
  • ലിവൈവിലേക്കുള്ള റോഡുകൾ റഷ്യ ബോംബിട്ട് തകർത്തു \
  • യുക്രൈൻ സൈന്യം ഇന്ത്യാക്കാരെ തടവിലാക്കി 
  • വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ് 
  • സാനിറ്ററി പാഡുകൾ കിട്ടാനില്ല

ഈ വിഷയങ്ങളിൽ അടിയന്തിര ശ്രദ്ധയോടെ ഉടൻ തന്നെ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനിഖ കത്തിൽ പറയുന്നു.

click me!