ജോലിയും ശമ്പളവും ഭക്ഷണവുമില്ല: ഉസ്ബക്കിസ്ഥാനില്‍ കുടുങ്ങി അറുപതോളം മലയാളികള്‍

By Web TeamFirst Published Jul 25, 2020, 10:06 AM IST
Highlights

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മൂന്നു മാസമായി ജോലിയില്ല. ചെയ്ത ജോലിയുടെ ശമ്പളവും കിട്ടിയിട്ടില്ല. മിക്ക ദിവസങ്ങളിലും ക്യാന്പില്‍ ഭക്ഷണവും കിട്ടുന്നില്ല.

ദില്ലി: നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം അഭ്യര്‍ഥിച്ച് ഉസ്ബക്കിസ്ഥാനില്‍ കുടുങ്ങിയ മലയാളികള്‍. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അറുപതോളം മലയാളികള്‍ ജോലിയും ശമ്പളവും ഭക്ഷണവുമില്ലാതെ കഷ്ടപ്പെടുന്നത്. 

ഉസ്ബക്കിസ്ഥാനിലെ ഗുസാര്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മലയാളികളാണ് പ്രതിസന്ധിയിലായത്. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മൂന്നു മാസമായി ജോലിയില്ല. ചെയ്ത ജോലിയുടെ ശമ്പളവും കിട്ടിയിട്ടില്ല. മിക്ക ദിവസങ്ങളിലും ക്യാന്പില്‍ ഭക്ഷണവും കിട്ടുന്നില്ലെന്ന് ഇവര്‍ പറയുന്നു.

സ്വന്തമായി പണം മുടക്കി നാട്ടിലേക്ക് മടങ്ങാനും ഇവര്‍ തയാറാണ്. എന്നാല്‍ താഷ്ക്കന്‍റിലെ ഇന്ത്യന്‍ എംബസിയോ ജോലി ചെയ്യുന്ന കമ്പനിയോ ഇതിനുളള സഹായം പോലും ഒരുക്കുന്നില്ലെന്നും ഇവര്‍ പരാതി പറയുന്നു. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനും സംസ്ഥാന മുഖ്യമന്ത്രിക്കും നിവേദനം അയച്ച് കാത്തിരിക്കുകയാണ് ഇവര്‍. മലയാളികള്‍ക്കു പുറമെ മറ്റ് സംസ്ഥാനക്കാരടക്കം ആയിരത്തോളം ഇന്ത്യക്കാരാണ് ക്യാമ്പിലുളളത്.
 

click me!