കോൺ​ഗ്രസ് പ്രവർത്തക സമിതിയിൽ തരൂരിനെ ഉൾപ്പെടുത്തുമോ?; സോണിയയും രാഹുലുമായി ചർച്ചക്ക് ഖാർ​ഗെ

Published : Oct 22, 2022, 08:01 AM ISTUpdated : Oct 22, 2022, 08:05 AM IST
കോൺ​ഗ്രസ് പ്രവർത്തക സമിതിയിൽ തരൂരിനെ ഉൾപ്പെടുത്തുമോ?; സോണിയയും രാഹുലുമായി ചർച്ചക്ക് ഖാർ​ഗെ

Synopsis

ജോഡോ യാത്രയിൽനിന്ന് രാഹുൽ ​ഗാന്ധി തിങ്കളാഴ്ച ദില്ലിയിലെത്തിയ ശേഷമായിരിക്കും ചർച്ച. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഖാർ​ഗെക്കെതിരെ മത്സരിച്ച ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുന്നത് ചർച്ചയാകും.

ദില്ലി: കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ പ്രവർത്തക സമിതിയെ തെരഞ്ഞെടുക്കാൻ കോൺ​ഗ്രസ്. പ്രവർത്തക സമിതി തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർ​ഗെ ഇടക്കാല പ്രസിഡന്റായിരുന്ന സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി ചർച്ചനടത്തും. ജോഡോ യാത്രയിൽനിന്ന് രാഹുൽ ​ഗാന്ധി തിങ്കളാഴ്ച ദില്ലിയിലെത്തിയ ശേഷമായിരിക്കും ചർച്ച. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഖാർ​ഗെക്കെതിരെ മത്സരിച്ച ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുന്നത് ചർച്ചയാകും. പ്രവർത്തക സമിതിയിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കാനും നീക്കം നടക്കുന്നു. ശശി തരൂരിനെ ഉൾപ്പെടുന്നത് പാർട്ടിയുടെ ജനാധിപത്യമുഖം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് ചില നേതാക്കളുടെ അഭിപ്രായം. 

സമവായത്തിലൂടെ അംഗങ്ങളെ തെരെഞ്ഞെടുക്കാനാണ് നീക്കം. അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. അധ്യക്ഷൻ ചുമതലയേറ്റെടുത്ത് മൂന്ന് മാസത്തിനകം പ്ലീനറി സമ്മേളനം വിളിച്ച് പ്രവര്‍ത്തക സമതി തെരഞ്ഞെടുപ്പ് നടത്തണമെന്നതാണ് ചട്ടം. പതിനൊന്ന് പേരെ അധ്യക്ഷന് നാമനിർദേശം ചെയ്യാം. 12 പേരെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം. എന്നാല്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി സമവായത്തിലൂടെ പ്രവ‍ർത്തക സമതി അംഗങ്ങളെ തീരുമാനിക്കുന്നതാണ് പാർട്ടിയിലെ രീതി. ഇത് തുടരുമെന്നുള്ള സൂചനയാണ്  മല്ലികാർജ്ജുന ഖർ‍ഗെയും കൂടെയുള്ളവർക്ക് നല്കുന്നത്.

മത്സരം നടന്നാൽ പാർട്ടിയിലത് പൊട്ടിത്തെറിക്ക് വഴിവച്ചേക്കും എന്നാണ് വാദം. എന്നാൽ നേതൃത്വത്തോട് അടുപ്പമുള്ളവരെ നിലനിറുത്താനാണ് നീക്കം എന്നാണ് സൂചന. അധ്യക്ഷൻ തെക്കെ ഇന്ത്യയില്‍ നിന്നായതിനാല്‍ പ്രവർത്തക സമതിയിലേക്ക് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർക്ക് കുടുതല്‍ പരിഗണന കിട്ടും. ശശി തരൂരിനെ പതിനൊന്ന് നോമിനേറ്റഡ് അംഗങ്ങളിലൊരാളായി ഉൾപ്പെടുത്തണം എന്നാണ് കൂടെയുള്ളവരുടെ ആവശ്യം. 1072 വോട്ട് കിട്ടിയ തരൂർ ഇനി വീണ്ടും മത്സരിച്ച് അംഗമാകേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ കത്തു നല്കും.  രമേശ് ചെന്നിത്തല,  കെ മുരളീധരൻ, കൊടിക്കുന്നില്‍ സുരേഷ്,  തുടങ്ങിയ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പ്രവർത്തക സമിതി അംഗത്വം പ്രതീക്ഷിക്കുന്നുണ്ട്.  സ്വന്തക്കാരെ തിരുകി കേറ്റുന്നു എങ്കിൽ മത്സരം ആവശ്യപ്പെടാനാണ് ജി 23 നേതാക്കളുടെയും നീക്കം.  

ബലാത്സം​ഗക്കേസ്, ഒളിവ് ജീവിതം; എൽദോസിനെതിരെയുള്ള നടപടിയെന്ത്? ഇന്ന് കെപിസിസി തീരുമാനം വന്നേക്കും

PREV
Read more Articles on
click me!

Recommended Stories

പറക്കാതെ വിമാനങ്ങൾ, പതറി യാത്രക്കാർ; എന്താണ് ഇൻഡി​ഗോയിൽ സംഭവിക്കുന്നത്?
ഉത്തര്‍പ്രദേശ് പാഠ്യപദ്ധതിയിൽ ഇനി മലയാളവും! പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്