ഖര്‍ഗെയുടെ പ്രമോഷന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസിൽ പുതിയ കരുനീക്കങ്ങൾ

Published : Oct 20, 2022, 12:59 PM IST
ഖര്‍ഗെയുടെ പ്രമോഷന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസിൽ പുതിയ കരുനീക്കങ്ങൾ

Synopsis

അഞ്ച് പതിറ്റാണ്ട് വടക്കന്‍ കര്‍ണാടകയുടെ മുഖമായി സഭയിലുണ്ടായിരുന്ന മുതിര്‍ന്ന ദളിത് നേതാവാണ് ഖര്‍ഗെ. മൂന്ന് തവണ കൈയ്യെത്തും ദൂരെ മുഖ്യമന്ത്രിക്കസേര   അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു

ബെംഗളൂരു: മല്ലികാര്‍ജ്ജുൻ ഖര്‍ഗെ എഐസിസി  അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ പുതിയ കരുനീക്കങ്ങള്‍. ദളിത് വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി അവകാശവാദം ഉന്നയിച്ച് വടക്കന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. 

ഖര്‍ഗെയുടെ വിശ്വസ്തനും മുന്‍ ഉപമുഖ്യമന്ത്രിയുമായ പരമേശ്വരയുടെ പേരാണ് ഒരു വിഭാഗം ഉയര്‍ത്തിയത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് ഖര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടത് കര്‍ണാടകത്തിന്‍റെ ഭാഗ്യമാണെന്ന് ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.

അഞ്ച് പതിറ്റാണ്ട് വടക്കന്‍ കര്‍ണാടകയുടെ മുഖമായി സഭയിലുണ്ടായിരുന്ന മുതിര്‍ന്ന ദളിത് നേതാവാണ് ഖര്‍ഗെ. മൂന്ന് തവണ കൈയ്യെത്തും ദൂരെ മുഖ്യമന്ത്രിക്കസേര  
അദ്ദേഹത്തിന് നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്ന കല്യാണ കര്‍ണാടകയില്‍ ബിജെപി പിടിമുറുക്കിയത് ദളിത് വിഭാഗത്തെ തഴഞ്ഞുവെന്ന വികാരം വോട്ടാക്കിയാണ്. ഈ നിരാശയും അകലച്ചയും ഖര്‍ഗെ അധ്യക്ഷ സ്ഥാനത്ത് എത്തിയതോടെ അവസാനിക്കുമെന്ന കണക്കുകൂട്ടലിലാണ് വടക്കന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം. 

സംസ്ഥാന ഘടകത്തിലും അധികാരസമവാക്യങ്ങളിലും മാറ്റം വരുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി അവകാശവാദം ഉന്നയിച്ച് ഒരുവിഭാഗം രംഗത്തെത്തിയത്. ദളിത് നേതാവും മുന്‍ഉപമുഖ്യമന്ത്രിയും ഖര്‍ഗെയുടെ വിശ്വസ്ഥനുമായ ജി പരമേശ്വരയുടെ പേരാണ് ഇപ്പോൾ ഉയര്‍ന്നു വരുന്നത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാൻ ഡികെ ശിവകുമാറും സിദ്ധരാമ്മയ്യയും തമ്മിൽ ചരടുവലികള്‍ നടക്കുന്നതിനിടെയാണ് പുതിയ നീക്കം. 

ഖര്‍ഗെയുടെ സാന്നിദ്ധ്യം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് കര്‍ണാടക സന്ദര്‍ശനത്തിനിടെ നേതൃത്വത്തോട് സോണിയ വിശദീകരിച്ചിരുന്നു. ഖര്‍ഗെയെ മുൻനിര്‍ത്തി പിന്നാക്ക വിഭാഗങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനാകണമെന്നും നിര്‍ദേശിച്ചിരുന്നു. തങ്ങൾക്കിടയിൽ ഭിന്നതയില്ലെന്നും ഖര്‍ഗെയെ ഒറ്റക്കെട്ടായി പിന്തുണച്ച ഘടകമാണ് കര്‍ണാടകയിലേത് എന്നുമാണ് സംസ്ഥാന നേതൃത്വം പ്രതികരിക്കുന്നത്. സംസ്ഥാനത്തെ വിഭാഗീയതകളില്‍ നിന്നെല്ലാം ഇതുവരെ ഖര്‍ഗെ അകലംപാലിച്ചിരുന്നു. കര്‍ണാടകയിൽ നിന്നുള്ള പ്രമുഖ ദേശീയനേതാവായി ഖര്‍ഗെ മാറുമ്പോൾ  കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിനൊപ്പം ജെഡിഎസ്സും കരുതലിലാണ്.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം