
മുംബൈ: കോടതികളുടെ നീണ്ട അവധികൾക്കെതിരായി ബോംബെ ഹൈക്കോടതിയിൽ ഹർജി. ഹർജി ദീപാവലി അവധിക്ക് ശേഷം പരിഗണിക്കും. നവംബര്‍ ഇരുപതിലേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
മുംബൈ സ്വദേശിനിയായ സബീന ലക്ക്ഡെവാലയാണ് ഹർജി നൽകിയത്. ദീപാവലി, ക്രിസ്മസ്, മധ്യ വേനൽ അവധികളുടെ പേരിൽ ആഴ്ചകളോളം കോടതികൾക്ക് അവധി നൽകുന്നത് നീതി നടപ്പാക്കുന്നത് വൈകിക്കുമെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. ഇത്തരം അവധികളുടെ പേരിൽ ഒരു വര്‍ഷത്തിൽ എഴുപത് ദിവസത്തോളം കോടതികൾ അടഞ്ഞു കിടക്കുന്ന അവസ്ഥയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് പൊതുവിലുള്ള അവധികൾക്ക് പുറമേയാണിതെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടീഷ് രാജ് കാലത്ത് കൊണ്ടു വന്ന ഇത്തരം അവധി സംവിധാനങ്ങൾ വര്‍ത്തമാന കാലത്ത് നീതിന്യായസംവിധാനങ്ങളെ തളര്‍ത്തുന്നതാണെന്നും ഹര്‍ജിയിൽ വിമര്‍ശനമുണ്ട്. ഇന്ത്യയിലെ ജഡ്ജിമാര്‍ ബ്രിട്ടീഷ് പൗരൻമാരായിരുന്ന കാലത്ത് അവര്‍ക്ക് ഇവിടെ വേനൽക്കാലം ബുദ്ധിമുട്ടേറിയതിനാൽ മാത്രമാണ് മധ്യവേനൽ അവധി കൊണ്ടു വന്നത്. സ്വാതന്ത്ര്യം നേടി ഇത്ര വര്‍ഷം കഴിഞ്ഞും ഈ അവധി കൊണ്ടു നടക്കുന്നതിലെ യുക്തിയുംഹര്‍ജിക്കാരി ചോദ്യം ചെയ്യുന്നുണ്ട്.
ഹർജി നൽകിയ സമയം ഇന്നലെ ജസ്റ്റിസ് ഗണപൂർവാല അധ്യക്ഷനായ ബെഞ്ച് ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതി കലണ്ടർ കഴിഞ്ഞ വർഷം തന്നെ അന്തിമമായി തീരുമാനിച്ചതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹർജി അടിയന്തിരമായി കേൾക്കാനാവില്ലെന്നും നവംബർ 20ന് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയത്.
നീതി ലഭിക്കാനുള്ള കാലതാമസം എത്ര വലിയ ക്രൂരതയാണെന്ന് നേരിട്ട് ബോധ്യപ്പെട്ട ആളാണ് താനെന്ന് ഹര്‍ജിക്കാരി പറയുന്നു. 2021 ജൂലൈയിൽ മരുമക്കളും പേരമക്കളും ചേര്‍ന്ന് അവരെ സ്വന്തം വീട്ടിൽ നിന്നും പുറത്താക്കി. അവര്‍ നൽകിയ വ്യാജപരാതിയിൽ ക്രിമിനിൽ ചട്ടപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതിനെതിരെ കീഴ്ക്കോടതികളിലും ഹൈക്കോടതികളിലും പല ഹര്‍ജികളുമായി ആശ്വാസം തേടി ഇവരെത്തി. തൻ്റെ ഹര്‍ജി പരിഗണിക്കുമെന്ന പ്രതീക്ഷയിൽ 158 ദിവസം താൻ കോടതികളിൽ പോയെന്നും എന്നാൽ നിരാശയായി മടങ്ങേണ്ടി വന്നെന്നും അവര്‍ പറയുന്നു.
ബന്ധുക്കളുടെ പരാതിയിൽ തനിക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണം എന്നായിരുന്നു ഇവരുടെ മുഖ്യ ആവശ്യം. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമാണ് ഇക്കാലയളവിൽ കോടതികൾ പരിഗണിച്ചത്. ഒടുവിൽ അഭിഭാഷകൻ ചേംബറിലെത്തി ജഡ്ജിയെ കണ്ട് അപേക്ഷിച്ച ശേഷമാണ് കേസ് പരിഗണിക്കാൻ കോടതി തയ്യാറായത്. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2021ൽ ഇവര്‍ ഹൈക്കോടതിയിൽ എത്തിയെങ്കിലും ഇവരുടെ കേസ് പരിഗണിക്കേണ്ട ജഡ്ജി ദീര്‍ഘാവധിയിൽ പോയതോടെ കേസ് കെട്ടിക്കിടക്കുന്ന നിലയുണ്ടായ കാര്യവും ഹര്‍ജിയിൽ പറയുന്നുണ്ട്.