
ലക്നൗ: ലക്നൗവില്‍ കഥക് നൃത്തം അരങ്ങേറുന്നതിനിടെ തടസ്സം സൃഷ്ടിച്ച് പരിപാടിയുടെ സംഘാടകര്‍. പാക്കിസ്ഥാന്‍ ഖവാലി സംഗീതജ്ഞന്‍ നുസ്രത്ത് ഫതേ അലി ഖാന്‍റെ പ്രസിദ്ധമായ ''ഐസാ ബന്‍നാ സവർനാ മുബാറക് തുമേ...'' എന്ന ഖവാലിയ്ക്ക് ചുവടുവയ്ക്കുന്നതിനിടെയാണ് കഥക് നര്‍ത്തകി മഞ്ജരി ചതുര്‍വേദിയെ സംഘാടകര്‍ തടഞ്ഞത്.
'പ്രണയ വര്‍ണ്ണങ്ങള്‍ ' എന്ന് പേരിട്ടിരിക്കുന്ന സുഫി കഥക് സ്റ്റേജില്‍ നടന്നുകൊണ്ടിരിക്കെ പെട്ടന്ന് പാട്ട് നിലയ്ക്കുകയായിരുന്നു. താന്‍ ആദ്യം കരുതിയത് സാങ്കേതിക തടസ്സമാകുമെന്നാണ്. എന്നാല്‍ പിന്നീട് മനസ്സിലായി അങ്ങനെയല്ല എന്ന്.
കോമണ്‍വെല്‍ത്ത് പാര്‍ലമെന്‍ററി അസോസിയേഷന്‍റെ ഇന്ത്യന്‍ റീജ്യണിന്‍റെ കോണ്‍ഫറന്‍സിലായിരുന്നു സംഭവം നടന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ സാംസ്കാരിക വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്.
'' സംഗീതം നിലച്ചപ്പോള്‍ എനിക്ക് ഒന്നും മനസ്സിലായില്ല. എന്നാല്‍ ഞാന്‍ സ്റ്റേജില്‍ ഇരിക്കെത്തന്നെ അവര്‍ മറ്റൊരു പരിപാടി അനൗണ്‍സ് ചെയ്തു. '' - മഞ്ജരി ചതുര്‍വേദി പറഞ്ഞു. സംഘാടകര്‍ തന്നെ ആദ്യ നിരയിലേക്ക് പാഞ്ഞെത്തുകയും സ്റ്റേജില്‍ ഖവാലി നടത്താന്‍ അനുവദിക്കില്ലെന്ന് ആക്രേശിക്കുകയും ചെയ്തുവെന്നും മഞ്ജരി വ്യക്തമാക്കി.
ഉടന്‍ തന്നെ ഒരു മൈക്ക് കയ്യിലെടുത്ത് മഞ്ജരി പറഞ്ഞു; ''25 വര്‍ഷത്തെ കലാജീവിതത്തില്‍ 35 ഓളം രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിച്ചിട്ടും എന്‍റെ നൃത്തം ആരെങ്കിലും തടസ്സപ്പെടുത്തുകയോ എന്നെ സ്റ്റേജില്‍ നിന്ന് മാറ്റുകയോ ചെയ്തിട്ടില്ല''
താന്‍ ഞെട്ടിപ്പോയെന്നും അവര്‍ വ്യക്തമാക്കി. 45 മിനുട്ട് നീണ്ടുനില്‍ക്കുന്ന നൃത്തത്തിന്‍റെ അവസാന ഘട്ടത്തിലായിരുന്നു മഞ്ജരി. അതേസമയം മതപരമായ പ്രശ്നം കൊണ്ടല്ല പരിപാടി നിര്‍ത്തിയതെന്നും സമയപരിമിതി മൂലമായിരുന്നുവെന്നും രണ്ട് ഉദ്യോഗസ്ഥര്‍ തന്നെ അറിയിച്ചുവെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam