
ലക്നൗ: വൃക്കയിലെ കല്ല് നീക്കാൻ ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിയുടെ ഒരു വൃക്ക കാണാനില്ല. ഉത്തർ പ്രദേശിലെ അലിഗഡിലാണ് സംഭവം. ഹോം ഗാർഡായി ജോലി ചെയ്യുന്ന സുരേഷ് ചന്ദ്ര എന്ന 53 കാരനാണ് വൃക്ക നഷ്ടപ്പെട്ടത്. ആറ് മാസം മുൻപാണ് കല്ല് നീക്കാനുള്ള ശസ്ത്രക്രിയ നടന്നത്. കടുത്ത വേദന മൂലം മറ്റൊരു ആശുപത്രിയിൽ വീണ്ടും പരിശോധന നടത്തിയതോടെയാണ് സംഭവം പുറത്തായത്. സ്വകാര്യ ആശുപത്രിക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി യുപി ആരോഗ്യ വകുപ്പ് അറിയിച്ചു. സുരേഷിന് അടിവയറ്റിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അൾട്രാസൗണ്ട് പരിശോധന നടത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഏപ്രിൽ 14 ന് അലിഗഡിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് സുരേഷിന്റെ ഇടതു വൃക്കയിൽ കല്ല് ഉള്ളതായി അറിഞ്ഞത്. അന്നേ ദിവസം തന്നെ ശസ്ത്രക്രിയ നടത്തിയതായി സുരേഷ് വെളിപ്പെടുത്തുന്നു. തുടർന്ന് വൃക്കയിലെ കല്ലുകൾ നീക്കം ചെയ്തതായി ഡോക്ടർ അറിയിച്ചു. ഒപ്പം കഴിക്കാനുള്ള മരുന്നുകളുടെ ലിസ്റ്റും നൽകി. ഏപ്രിൽ 17ന് സുരേഷിനെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
പിന്നീട് കടുത്ത വേദനയെ തുടർന്ന് കസ്ഗഞ്ച് ആശുപത്രിയിലെ ഡോക്ടറെ സമീപിക്കുകയും പിന്നീട് നടത്തിയ സ്കാനിംഗിലാണ് ഇടതുവശത്തെ വൃക്ക നഷ്ടപ്പെട്ടതായി അറിയുന്നതും. സംഭവത്തെക്കുറിച്ച് അറിഞ്ഞ് ഞെട്ടിപ്പോയതായി സുരേഷ് പറയുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും സംഭവത്തെക്കുറിച്ച് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. തന്‍റെ ഇടതുഭാഗത്തെ വൃക്ക സ്വകാര്യ ആശുപത്രി അധികൃതര്‍ താനറിയാതെ എടുത്തു മാററി എന്ന് കാണിച്ച് യുപി ആരോഗ്യവകുപ്പിന് സുരേഷ് ചന്ദ്ര പരാതി നല്‍കിയിരിക്കുകയാണ്. യുപി ആരോഗ്യവകുപ്പ് സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam