രാഹുൽ ഗാന്ധി ലോക്സഭയിൽ നുണയുടെ പെരുമഴ പെയ്യിച്ചു, കോൺഗ്രസിന്റെ ഭാഷ പാകിസ്ഥാൻ്റേതെന്ന് കിരൺ റിജിജു

Published : Feb 08, 2023, 03:51 PM IST
രാഹുൽ ഗാന്ധി ലോക്സഭയിൽ നുണയുടെ പെരുമഴ പെയ്യിച്ചു, കോൺഗ്രസിന്റെ ഭാഷ പാകിസ്ഥാൻ്റേതെന്ന് കിരൺ റിജിജു

Synopsis

വിമാനം വാടകക്കെടുത്ത് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ചിത്രങ്ങൾ തെറ്റായി പ്രചരിപ്പിച്ചുവെന്നും റിജിജു

ദില്ലി : രാഹുൽ ഗാന്ധി ലോക്സഭയിൽ നുണയുടെ പെരുമഴ പെയ്യിച്ചെന്ന് മന്ത്രി കിരൺ റിജിജു. രാഹുലിൻ്റെയും കോൺഗ്രസിൻ്റെയും ഭാഷ പാകിസ്ഥാൻ്റേതെന്നും റിജിജു ആരോപിച്ചു. അദാനിയും മോദിയും തമ്മിലെ ബന്ധത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ സഭയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. അതേസമയം അശോക് ഗലോട്ടും, റോബർട്ട് വദ്രയും അദാനിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ റിജിജു സഭയിൽ ഉയർത്തി. വിമാനം വാടകക്കെടുത്ത് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ചിത്രങ്ങൾ തെറ്റായി പ്രചരിപ്പിച്ചുവെന്നും റിജിജു വാദിച്ചു. വാർത്തകളിൽ ഹെഡ് ലൈനാകാനാണ് രാഹുലും കൂട്ടരും ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

എന്നാൽ തെരഞ്ഞെടുപ്പ് ഉന്നമിട്ട് ആദിവാസിയെ രാഷ്ട്രപതിയാക്കിയെന്ന പ്രചാരണം ബിജെപി നടത്തുന്നുവെന്ന് അധിർ രഞ്ജൻ ചൗധരി ആരോപിച്ചു. പ്രധാനമന്ത്രി ഒബിസിയാണെന്ന് എപ്പോഴും പറയാത്തത് എന്തുകൊണ്ടെന്നും ചൗധരി ചോദിച്ചു. രാഹുൽ ഗാന്ധിയെ പപ്പു വാക്കിയെന്നും ഹിൻഡൻ ബർഗ് റിപ്പോർട്ടിനെ കുറിച്ച് സർക്കാർ മിണ്ടുന്നില്ലെന്നും അധിർ രഞ്ജൻ ആരോപിച്ചു. എന്നാൽ ആദിവാസിയെന്ന് വിളിച്ച് രാഷ്ട്രപതിയെ അപമാനിച്ചെന്നും പരാമർശം രേഖകളിൽ നിന്ന് മാറ്റണമെന്നും ബിജെപി ആവശ്യപ്പെട്ടു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ ആണ് രാഹുൽ ഗാന്ധി അദാനി വിഷയം ഉന്നയിച്ച് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ചത്. നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെ അദാനിയും മോദിയും തമ്മിലെ ബന്ധത്തിൽ രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. 

Read More : മോദിക്കെതിരായ ആരോപണങ്ങൾക്ക് തെളിവ് നല്‍കിയില്ല, രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയുടെ രേഖകളിൽ നിന്ന് നീക്കി

പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. വർഷങ്ങളായുള്ള ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതലുള്ള ബന്ധമാണ്. അദാനി പ്രധാനമന്ത്രിയോട് വിധേയനാണ്. ഗുജറാത്തിന്റെ വികസനത്തിന് കളമൊരുക്കിയത് അദാനിയാണ്. അതുവഴി അദാനിയുടെ വ്യവസായവും ഉയർച്ച നേടി. ആ ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ സമ്പന്നനാക്കി. രാജ്യത്തെ വിമാനത്താവളങ്ങൾ ചട്ടങ്ങൾ മറികടന്ന് അദാനിക്ക് നൽകി. നന്ദിപ്രമേയ ചർച്ചയിൽ ഈ വിഷയം ഉന്നയിക്കുന്നതെന്തിനെന്ന് ഈ ഘട്ടത്തിൽ സ്പീക്കർ ചോദിച്ചു.

Read More : 'അദാനിക്ക് വേണ്ടി മോദി നടത്തിയ വിട്ടുവീഴ്ചകൾ'; രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ

വിമാനത്താവളങ്ങൾ നടത്തി പരിചയമില്ലാത്തവരെ അതിന്റെ നടത്തിപ്പ് ഏൽപിക്കരുതെന്ന നിയമം മറികടന്നു കൊണ്ടാണ് അദാനിക്ക് വിമാനത്താവളങ്ങൾ കൈമാറിയതെന്ന് രാഹുൽ പറഞ്ഞു. വീണ്ടും ഭരണപക്ഷം ബഹളം വെച്ചു. ആറ് വിമാനത്താവളങ്ങൾ അദാനിയുടെ നിയന്ത്രണത്തിലായി. പ്രധാനമന്ത്രിയാണ് എല്ലാത്തിനും സൗകര്യമൊരുക്കിയത്. നന്ദിപ്രമേയ ചർച്ചയാണെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞു. എന്നിട്ടും രാഹുൽ നിർത്തിയില്ല.

സർക്കാർ പിന്തുണയോടെ എങ്ങനെ ധനം സമ്പാദിക്കാമെന്നതിന്റെ ഉദാഹരണമാണ് അദാനിയെന്ന് അദ്ദേഹം പ്രസംഗം തുടർന്നു. പ്രതിരോധ, ആയുധ നിർമ്മാണ മേഖലകളിലും അദാനിക്ക് പ്രാതിനിധ്യം നൽകി. 2014 ന് ശേഷം അദാനിയുടെ ആസ്തി പലമടങ്ങ് വർധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പാർലമെന്റ് ചട്ടങ്ങൾ ലംഘിക്കുന്നുവെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ അനുവദിക്കരുതെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. രേഖകളില്ലാതെ പ്രധാനമന്ത്രിയെ അപമാനിക്കുന്നുവെന്നും ഭരണപക്ഷം ഉന്നയിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭ രേഖകളിൽ നിന്ന് നീക്കി. ആരോപണങ്ങൾക്ക് രാഹുൽ തെളിവ് ഹാജരാക്കിയില്ല. ഇതേതുടർന്ന് പരാമർശങ്ങൾ നീക്കാൻ സ്പീക്കർ നിർദ്ദേശം നൽകിയെന്ന് ലോക്സഭ വൃത്തങ്ങൾ സ്ഥിരീകരിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ
10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച