
ദില്ലി: എൻഐഎ ഭേദഗതി ബില്ലിൽ നടന്ന ചര്‍ച്ചക്കിടെ ഹിന്ദുത്വ ഭീകര സംഘടനകൾ എന്ന പരാമര്‍ശം നടത്തിയ സിപിഎം എംപി കെകെ രാഗേഷിന്‍റെ നിലപാടിൽ പ്രകോപിതനായി രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു. ‘ഒരു മതത്തേയും ഇതില്‍ വലിച്ചിഴക്കേണ്ടതില്ല. മറ്റാരെങ്കിലും വേറെ ഏതെങ്കിലും മതത്തെപ്പറ്റി പറയും’ എന്നായിരുന്നു കെകെ രാഗേഷിനോട് വെങ്കയ്യ നായിഡുവിന്‍റെ പ്രതികരണം.
ഹിന്ദുത്വ സംഘടനകൾ ഉൾപ്പെട്ട ഭീകരവാദ കേസുകളില്‍ ദേശീയ അന്വേഷണ ഏജൻസി സ്വീകരിച്ച നിലപാടുകള്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു കെകെ രാഗേഷിന്‍റെ പ്രതികരണം. ഇതാണ് വെങ്കയ്യ നായിഡുവിനെ പ്രകോപിപ്പിച്ചതും. എന്നാൽ. ‘മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലും അജ്മീര്‍ ശരീഫ് സ്‌ഫോടനക്കേസിലും സംഭവിച്ചതെന്താണെന്ന് ചോദിച്ച കെകെ രാഗേഷ് മുസ്ലീം ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുമ്പോൾ പ്രതികള്‍ പിടിക്കപ്പെടാറില്ലെന്ന് മറുപടി നൽകി.
മലേഗാവ് സ്‌ഫോടനക്കേസിൽ മുഖ്യപ്രതിയെ വിട്ടയക്കുന്ന രീതിയാണ് എൻഐഎ സ്വീകരിച്ചത്. പിന്നീട് ഈ നിലപാട് കോടതി റദ്ദാക്കുകയായിരുന്നു. കേസ് ദുര്‍ബലപ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പബ്ലിക് പ്രോസിക്യൂട്ടര്‍ക്കുപോലും പരസ്യമായി പറയേണ്ടിവന്നെന്നും രാഗേഷ് രാജ്യസഭയിൽ ചൂണ്ടിക്കാട്ടി.
68 നിരപരാധികള്‍ ക്രൂരമായി കൊല്ലപ്പെട്ട സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസിന് എന്തു സംഭവിച്ചു എന്നും കെകെ രാഗേഷ് ചോദിച്ചു. ഒരു പ്രത്യേക ഭീകരവാദ ഗ്രൂപ്പിനെതിരെ കേസ് വരുന്ന സാഹചര്യത്തിൽ അന്വേഷണം മയപ്പെടുത്തപ്പെടുന്നു. അതാണ് ദേശീയ അന്വേഷണ ഏജൻസി പ്രവര്‍ത്തനത്തിൽ സ്വാധീനങ്ങളുണ്ടെന്ന് പറയാൻ കാരണം. മേല്‍പറഞ്ഞ കേസുകളിലെല്ലാം മുസ്ലീങ്ങളാണ് ആക്രമിക്കപ്പെട്ടതെന്നും കെകെ രാഗേഷ് ചൂണ്ടിക്കാട്ടി.
എന്നാൽ മതപരമായ ഒരു പരമാര്‍ശവും രേഖപ്പെടുത്താൻ തയ്യാറല്ലെന്നായിരുന്നു രാജ്യസഭാ അധ്യക്ഷന്‍റെ നിലപാട്. ‘ഒരു മതവിഭാഗത്തിന്‍റെ പേരും സഭാ രേഖകളില്‍ രേഖപ്പെടുത്തില്ല. നിങ്ങള്‍ക്ക് പറയേണ്ടത് പറയാം’ എന്നും വെങ്കയ്യാ നായിഡു പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam