
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദുർഗാപൂജയോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ബുക്ക് സ്റ്റാളുകൾ വ്യാപകമായി തകർക്കപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സമർപ്പിച്ച ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളി. സിപിഎം ജാദവ്പുർ ഏരിയ കമ്മിറ്റി സമർപ്പിച്ച ഹർജി ആണ് ജസ്റ്റിസ് പാർത്ഥ പ്രഥിം റോയ് ഉൾപ്പെട്ട സിംഗിൾ വെക്കേഷൻ ബെഞ്ച് തള്ളിയത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഎം കോടതിയെ സമീപിച്ചത്. എന്നാൽ സമാന വിഷയത്തിൽ മറ്റൊരു ഹർജി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ എത്തിയിട്ടുണ്ടെന്നും ഇത് ജനുവരിയിൽ പരിഗണിക്കാൻ നിശ്ചയിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ നിലവിലെ ഹർജി പ്രത്യേകം പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.
ദുർഗാപൂജ ആഘോഷങ്ങളുടെ ഭാഗമായി കൊൽക്കത്ത ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സിപിഎം സ്ഥാപിച്ച ബുക്ക് സ്റ്റാളുകൾക്കെതിരെ ഉണ്ടായ ആക്രമണത്തിനെതിരെ പാർട്ടി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന നൂറോളം ബുക്ക് സ്റ്റാളുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി സിപിഎം ആരോപിച്ചിരുന്നു. ഇതിൽ 35 ഓളം ബുക്ക് സ്റ്റാളുകൾ പൂർണമായും തകർക്കപ്പെട്ടതായും സിപിഎം ആരോപിച്ചു. ഇക്കുറി 600ലധികം ബുക്ക് സ്റ്റാളുകളാണ് സിപിഎം സ്ഥാപിച്ചിരുന്നത്.
ആക്രമണത്തെ പ്രമുഖരടക്കം വിവിധ ആളുകൾ വിമർശിച്ചിരുന്നു. ആക്രമണത്തെ അപലപിച്ച മന്ത്രി സ്വപൻ ദാസ്ഗുപ്ത, ഇത്തരം സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും നാണക്കേടാണെന്നും പ്രതികരിച്ചു. ആക്രമണത്തെ ബിജെപി സംസ്ഥാന ഘടകവും അപലപിച്ചു. സ്റ്റാളുകൾ തകർത്തവർക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ പറഞ്ഞു. ബുക്ക് സ്റ്റാളുകൾ തകർത്തതിനോട് യോജിക്കുന്നില്ല. സംഭവത്തിൽ ബിജെപി പ്രവർത്തകർക്ക് ബന്ധമില്ലെന്നും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെക്കുറിച്ച് ബോധവാന്മാരായിരിക്കാൻ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam