
കൊൽക്കത്ത: കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരണപ്പെട്ട സംഭവത്തിൽ പരിപാടിയുടെ സംഘാടകരടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദുർഗാപൂജ കമ്മിറ്റി സെക്രട്ടറി രാജ് കുമാർ സേവ്ദ, വൈസ് പ്രസിഡൻ്റ് ശാന്തനു ദുബെ, പന്തൻ നിർമ്മിച്ച ബിപ്ലബ് മുഖർജി, തിരക്ക് നിയന്ത്രിക്കാനുള്ള ചുമതലയുണ്ടായിരുന്ന കൗശിക് സാഹ, പിന്റു ഡേ, പ്രൈവറ്റ് സെക്യൂരിറ്റി ഇൻചാർജുമാരായ സുമം ചക്രബർത്തി, രാജേഷ് പാൽ എന്നിവരാണ് അറസ്റ്റിലായത്. ദുരന്തത്തിൽ കൊൽക്കത്ത പൊലീസ് കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തി സ്വമേധയാ കേസെടുത്തു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ക്രമസമാധാന നില ഉറപ്പാക്കാനായി കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഒക്ടോബർ 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നോർത്ത് കൊൽക്കത്തയിലെ ചോർബാഗനിൽ ശനിയാഴ്ച വൈരുന്നേരം 7:40 ഓടെ ആയിരുന്നു ദുരന്തം. നവരാത്രിയുടെ ഏഴാം ദിവസം ചോർബാഗനിലെ സർബോജനനിൻ ദുർഗാപൂജ പന്തലിൽ നടന്ന ആഘോഷ പരിപാടിക്കിടെ കനത്ത മഴ പെയ്തതോടെ ആണ് തിക്കും തിരക്കും ഉണ്ടായത്. സംഭവത്തിൽ മരണപ്പെട്ടവരെ തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ പൊലീസിൻ്റെ നേതൃത്വത്തിൽ തുടരുകയാണ്. 25 പേർക്കാണ് പരിക്കേറ്റത്.
സംഭവസ്ഥലത്ത് ഫൊറൻസിക്, എസ്ടിഎഫ്, ഫയർ ബ്രിഗേഡ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രി എത്തി പരിക്കേറ്റവരെ കണ്ടു. ദുർഗ പൂജ പരിപാടികളിൽ പങ്കെടുക്കാനായി ശനിയാഴ്ച വൈകുന്നേരമാണ് അമിത് ഷാ സംസ്ഥാനത്ത് എത്തിയത്.
സംഘാടകർ മൈക്കിലൂടെ നടത്തിയ അനൗൺസ്മെൻ്റാണ് തിക്കിനും തിരക്കിനും ഇടയാക്കിയതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുവേന്ദു അധികാരി. പ്രൈവറ്റ് സെക്യൂരിറ്റി ഗാർഡുമാർ വിസിൽ മുഴക്കിയതാണ് ആളുകൾ തിരക്കുകൂട്ടാൻ ഇടയാക്കിയതെന്ന് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംഘാടകർ നടത്തിയ അനൗൺസ്മെൻ്റ് എന്താണെന്ന് വ്യക്തമായിട്ടില്ല. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ദുർഗ പൂജ പരിപാടികളുടെ സംഘാടകർ കൃത്യമായ വെളിച്ചവും എൻട്രി - എക്സിറ്റ് ഗേറ്റുകളും ഉറപ്പാക്കണമെന്ന് നിർദേശിച്ചു. സംഭവത്തെ തുടർന്ന് കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കാനിരുന്ന പരിപാടി ഉൾപ്പെടെ മുഴുവൻ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam