നിശ്ചലമായി കൊൽക്കത്ത, വെള്ളക്കെട്ടിറങ്ങാതെ നഗരം! 10 ൽ 8 മരണം വൈദ്യുതാഘാതമേറ്റ്, 91 വിമാന സർവ്വീസുകൾ റദ്ദാക്കി

Published : Sep 24, 2025, 10:29 AM IST
Kolkata Rain

Synopsis

കൊൽക്കത്തയിൽ പെയ്ത കനത്ത മഴയെ തുടർന്ന് നഗരം വെള്ളത്തിനടിയിലായി. ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ആകെ മരണ സംഖ്യ 10 ആയി. ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു. അതേസമയം വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

കൊൽക്കത്ത: കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലും പെയ്ത കനത്ത മഴയിൽ നഗരം വെള്ളത്തിനടിയിലായി 24 മണിക്കൂറിനു ശേഷവും ജനജീവിതം ദുഷ്‌കരമായി തുടരുന്നു. ഇതിനെത്തുടർന്നുണ്ടായ അപകടങ്ങളിൽപ്പെട്ട് കുറഞ്ഞത് 10 പേർ മരിച്ചു. അതേ സമയം മഴ ഇനിയും തുടരാനാണ് സാധ്യതയെന്നാണ് പ്രവചനം. നഗരം ദുർഗ്ഗാ പൂജാ ആഘോഷത്തിനൊരുങ്ങിയിരിക്കുന്നതിനിടെയാണ് മഴ കനത്തത്. നിലവിൽ നഗരത്തിൽ മഴയൊന്നുമില്ലെങ്കിലും കൊൽക്കത്തയിലെ നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നഗരത്തിലെ ഗാരിയാഹത്ത്, ജോക്ക, സർസുന, തന്താനിയ, ആംഹെർസ്റ്റ് സ്ട്രീറ്റ് പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലാണെന്ന് ഇന്നലെ രാത്രി വൈകിയുള്ള ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

മുൻകരുതൽ നടപടിയുടെ ഭാഗമായി നേരത്തെ വൈദ്യുതി വിച്ഛേദിക്കപ്പെട്ട പല സ്ഥലങ്ങളിലും ഇതുവരെ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല.10 മരണങ്ങളിൽ 8 എണ്ണം കൊൽക്കത്തയിൽ വൈദ്യുതാഘാതം മൂലമാണുണ്ടായതെന്നാണ് റിപ്പോർട്ട്. സിഇഎസ്‌സിയാണ് മരണങ്ങൾക്ക് കാരണമെന്ന് മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തി. ഇത് സിഇഎസ്‌സിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നുണ്ട്. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കാരണം വരും ദിവസങ്ങളിൽ കൊൽക്കത്തയിലും നിരവധി ദക്ഷിണ ബംഗാൾ ജില്ലകളിലും മഴ പെയ്യുമെന്ന് പ്രവചനമുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ എന്നിവയുമുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

കഴിഞ്ഞ 39 വർഷത്തിനിടെ നഗരത്തിൽ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും വലിയ മഴ പെയ്തിട്ടില്ല. നിലവിൽ എല്ലാ സ്കൂളുകളും അടച്ചിരിക്കുകയാണ്. കടകളും അടച്ചിരിക്കുകയാണ്. മേയർ ഫിർഹാദ് ഹക്കീം ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഇന്നലെ അഭ്യർത്ഥിച്ചിരുന്നു. വെള്ളം കയറിയതിനെ തുടർന്ന് ട്രെയിൻ, മെട്രോ സർവീസുകൾ തടസ്സപ്പെട്ടു. റോഡ് ഗതാഗതവും സ്തംഭിച്ചു. 91 വിമാന സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ബാലൻസ് ഷീറ്റ് നോക്കാൻ പോലും അറിയില്ലായിരുന്നു', ഒരിക്കൽ സിമോൺ ടാറ്റ പറഞ്ഞു, പക്ഷെ കൈവച്ച 'ലാക്മേ' അടക്കം ഒന്നിനും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല
ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന