
ചെന്നൈ: ശൈശവ വിവാഹ കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ വിജിലൻസിന്‍റെ പിടിയിൽ. തമിഴ്നാട് പാലക്കോട് വനിതാ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ വീരമ്മാളിനെയാണ് വിജിലൻസ് കയ്യോടെ പൊക്കിയത്. കരിമംഗലം തുമ്പലഹള്ളി സ്വദേശി മങ്കമ്മാളിന്റെ പരാതിയിലാണ് വിജിലൻസ് വീരമ്മാളിനെ അറസ്റ്റ് ചെയ്തത്. ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാൻ 50,000 രൂപയാണ് വനിതാ ഇൻസ്പെക്ടർ മങ്കമ്മാളിനോടും കുടുംബത്തോടും ആവശ്യപ്പെട്ടത്.
കഴിഞ്ഞ മെയ് മാസത്തിൽ മങ്കമ്മാളിന്‍റെ പതിനാറ് വയസുള്ള മകൾ വിവാഹിതയായിരുന്നു. അതേ ഗ്രാമത്തിലുള്ള ഒരു യുവാവിനെയാണ് പെൺകുട്ടി വിവാഹം ചെയ്തത്. സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന് പിന്നാലെ പെൺകുട്ടി 4 മാസം ഗർഭിണിയായതോടെ സമീപമുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആയതിനാൽ ആശുപത്രി അധികൃതർ വിവരം സാമൂഹികക്ഷേമ വകുപ്പിനെ അറിയിച്ചു. ഇതോടെ സാമൂഹിക ക്ഷേമ ഓഫിസർ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിവാഹത്തെക്കുറിച്ചും ഗർഭത്തെക്കുറിച്ച് പാലക്കോട് വനിതാ പൊലീസ് സ്‌റ്റേഷനിലെ വീരമ്മാളിനെ അറിയിച്ചു.
പിന്നാലെ വീരമ്മാൾ ഇരുകുടുംബങ്ങളെയും വിളിപ്പിച്ചു. കുടുംബങ്ങൾക്കെതിരെ ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാൻ വീരമ്മാൾ 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കൈക്കൂലി നൽകാൻ തയാറാകാതിരുന്ന മങ്കമ്മാൾ വിജിലൻസിനെ വിവരം അറിയിച്ചു. വിജിലൻസ് ഡിഎസ്പിയുടെ നിർദ്ദേശപ്രകാരം വിജലൻസ് മങ്കമ്മയുടെ സഹായത്തോടെ വനിത ഇൻസ്പെക്ടറെ തെളിവ് സഹതി പൊക്കാനായി കെണിയൊരുക്കി. കൈക്കൂലി നൽകാമെന്ന് മങ്കമ്മാൾ വീരമ്മാളിനെ അറിയിച്ചു. തുടർന്ന് പണവുമായി സറ്റേഷനിലെത്തി. പിന്നാലെ എത്തിയ വിജിലൻസ് സംഘം പണം വാങ്ങുന്നതിനിടെ വീരമ്മാളിനെ കയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ വീരമ്മാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam