പ്രതിഷേധക്കൂട്ടായ്മ നടന്ന കവാടം കല്ല് കെട്ടിയടച്ച് മദ്രാസ് ഐഐടി, എതിർത്ത് വിദ്യാർത്ഥികൾ

By Web TeamFirst Published Dec 25, 2019, 4:25 PM IST
Highlights

പ്രതിഷേധക്കൂട്ടായ്മകൾ നടക്കുന്ന ഇടം എന്നതിനപ്പുറം, കൃഷ്ണ ഗേറ്റിന് അടുത്തുള്ള കടകളിലാണ് വിദ്യാർത്ഥികൾ രാത്രി വൈകിയും അക്കാദമിക് ആവശ്യങ്ങൾക്കായി എത്താറ്. ചെലവ് കുറഞ്ഞ ഭക്ഷണം കിട്ടുന്ന ഇവിടത്തെ തട്ടുകടകളും ചായക്കടകളും, വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ ഇടം കൂടിയായിരുന്നു. 

ചെന്നൈ: പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളും സമരങ്ങളും നടന്ന ഐഐടി മദ്രാസിന്‍റെ കൃഷ്ണ ഗേറ്റ് കല്ല് കെട്ടിയടച്ച് മദ്രാസ് ഐഐടി അധികൃതർ. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് പുറംലോകത്തേക്ക് എത്താനുള്ള കവാടമായിരുന്ന കൃഷ്ണ ഗേറ്റ് അടയ്ക്കുന്നത് തൽക്കാലത്തേക്കാണോ സ്ഥിരമായിട്ടാണോ എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും ഐഐടി അധികൃതർ നൽകുന്നില്ല. ഐഐടിയുടെ പ്രധാനകവാടത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടത്താൻ അനുവാദമില്ല. ഇത് വഴി രാത്രി ഒരു സമയം കഴിഞ്ഞാൽ അകത്തേക്ക് കയറാനും അനുവാദമില്ല. പകരം ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളടക്കം പുറത്തേക്ക് പോവുകയും വരികയും ചെയ്തിരുന്നത് കൃഷ്ണ ഗേറ്റ് അഥവാ കെ ഗേറ്റ് വഴിയായിരുന്നു. സമരങ്ങൾ നടത്തുന്നത് തടയാനാണ് ഐഐടിയുടെ ഈ നീക്കമെന്നാണ് സൂചന.

The IIT Madras Administration has closed down the Krishna Gate yesterday around midnight. The matter was not intimated to the students or their elected representatives. Construction had to be halted yesterday late night after much protesting from the students present there. pic.twitter.com/rQX7GnDSPh

— ChintaBAR (@ChintaBAR)

ഗെയ്റ്റ് ഉണ്ടായിരുന്ന സ്ഥലത്ത് അർധരാത്രിയാണ് അധികൃതർ തന്നെ മതിൽ കെട്ടി മറച്ചത്. സുരക്ഷാ കാരണങ്ങളാലാണ് നടപടി എന്ന നോട്ടീസും ഇതോടൊപ്പം പതിച്ചിരുന്നു. എന്നാൽ ഇത് കണ്ട് രാവിലെ എത്തിയ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെത്തുടർന്ന് മതിൽ നിർമ്മാണം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ് ഐഐടി. 

ഫോട്ടോസ്റ്റാറ്റ് കടകൾ മുതൽ ചെലവ് കുറഞ്ഞ ഭക്ഷണശാലകളും തട്ടുകടകളും വരെ, അർദ്ധരാത്രിയും സജീവമായ പ്രദേശമാണ് ഐഐടിയുടെ വേളാച്ചേരിയിലെ കൃഷ്ണാ ഗേറ്റ് പരിസരം. രാത്രി വൈകിയും വനിതാവിദ്യാർത്ഥികൾക്ക് അടക്കം സുരക്ഷിതമായി പുറത്തിറങ്ങാനും, ഈ പ്രദേശത്ത് വീടുകൾ വാടകയ്ക്ക് എടുത്ത് താമസിക്കുന്ന വിദ്യാർത്ഥികൾക്ക് പെട്ടെന്ന് ക്യാംപസിലേക്ക് എത്താനും ഈ ഗേറ്റ് വഴി കഴിയുമായിരുന്നു. അതല്ലെങ്കിൽ ഒരു കിലോമീറ്ററിലധികം വളഞ്ഞ വഴി സ്വീകരിച്ച് മാത്രമേ ഐഐടിയ്ക്ക് അകത്തേക്ക് കയറാനാകൂ. കൃഷ്ണ ഗേറ്റ് അടച്ചതോടെ ഇനി വേളാച്ചേരി ഗേറ്റ് വഴിയോ പ്രധാനകവാടം വഴിയോ മാത്രമേ ഇനി ഐഐടി ക്യാംപസിനകത്തേക്ക് കയറാനാകൂ. 

വിദ്യാർത്ഥികളെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളെടുക്കും മുൻപ് വിദ്യാർത്ഥിയൂണിയൻ പ്രതിനിധികളോട് അടക്കം ആലോചിക്കാതിരുന്ന ഐഐടിയുടെ നടപടിക്കെതിരെ വിദ്യാർത്ഥികളുടെ സ്വതന്ത്രക്കൂട്ടായ്മ ചിന്ത ബാർ അടക്കം വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

കൃഷ്ണ ഗേറ്റ് കല്ല് കെട്ടി അടച്ചത് പ്രതിഷേധങ്ങൾ അടിച്ചമർത്താനുള്ള നീക്കമാണെന്ന് വിദ്യാർത്ഥി കൂട്ടായ്മകൾ ആരോപിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ നിരീക്ഷണത്തിലെന്ന് വ്യക്തമാക്കി ഐഐടി വിദ്യാർത്ഥികളെ താക്കീത് ചെയ്തിരുന്നത് വിവാദമായിരുന്നു. പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചതിന് നടപടി നേരിട്ട്, കഴിഞ്ഞ ദിവസമാണ് എക്സ്ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിയ ജർമ്മൻ വിദ്യാർത്ഥി ജേക്കബ് ലിൻഡൻതാൾ ഇന്ത്യയിൽ നിന്ന് മടങ്ങിയത്.

click me!