ദേ ഇതാണ് കണക്ക്, സ്ത്രീകള്‍ക്ക് സൗജന്യയാത്ര, കെഎസ്ആർടിസിക്ക് 90 കോടി ചിലവ് വരും! 'ഇന്ദിര ഗ്യാരണ്ടി' പുതിയ സർക്കാരിന് വെല്ലുവിളിയോ?

Published : May 12, 2026, 11:57 AM IST
ksrtc

Synopsis

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്ന ഗ്യാരണ്ടി നടപ്പാക്കാൻ കെഎസ്ആർടിസിക്ക് പ്രതിമാസം 90 കോടി രൂപ വരെ സർക്കാർ നൽകേണ്ടി വരും. നിലവിൽ ശമ്പളത്തിനും മറ്റുമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് ഈ പുതിയ ബാധ്യത വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്ന ഗ്യാരണ്ടി പാലിക്കാൻ കെ എസ് ആർ ടി സിക്ക് സർക്കാർ നൽകേണ്ടി വരിക ഏകദേശം 90 കോടി രൂപ. ഓർഡിനറി, ഫാസ്റ്റ് ബസുകളിൽ മാത്രമായി സൗജന്യ യാത്ര ചുരുക്കിയാലും 60 കോടി രൂപ കണ്ടത്തേണ്ടി വരും. കെ എസ് ആർ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി ഖജനാവിൽ നിന്ന് 50 കോടി രൂപ മാസം തോറും അനുവദിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിനിടയിൽ കെ എസ് ആർ ടി സിയിൽ സൗജന്യ യാത്രയെന്ന രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗ്യാരണ്ടി കൂടി നടപ്പാക്കിയാൽ പുതിയ സർക്കാരിന് മുന്നിൽ വലിയ ബാധ്യതയാകും എന്ന് ഉറപ്പാണ്.

പ്രതീക്ഷയും യാഥാർത്ഥ്യവും

വോട്ടുകൾ പെട്ടിയിലെത്തിക്കാൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളിൽ പ്രധാനമായിരുന്നു കെ എസ് ആർ ടി സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര. അധികാരത്തില്‍ എത്തിയ സ്ഥിതിക്ക് ഇനി പദ്ധതി നടപ്പാക്കണം. പണം എവിടെ എന്ന് പ്രധാന ചോദ്യം. മൂന്ന് ദിവസം മുമ്പ് തന്നെ കെ എസ് ആർ ടി സി ഇതിനുള്ള പ്രാഥമിക നടപടികളും തുടങ്ങി. സ്ത്രീ യാത്രക്കാരുടെ കണക്കെടുപ്പായിരുന്നു ആദ്യം. യാത്രക്കാരിൽ 55 നും 60 ശതമാനത്തിനുമിടയിൽ സ്ത്രീകൾ എന്നാണ് കണക്ക്. എല്ലാ തരം ബസുകളിലും സൗജന്യ യാത്ര നടപ്പാക്കണമെങ്കിൽ 90 കോടി രൂപയെങ്കിലും കെ എസ് ആർ ടി സിക്ക് നല്‍കേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമം. ഫാസറ്റ്, സൂപ്പർ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളിൽ മാത്രമായി യാത്ര ചുരുക്കിയാൽ 60 കോടി രൂപയും. ടിക്കറ്റ് മെഷീനിൽ ലിംഗ വിത്യാസം രേഖപ്പെടുത്തിയുള്ള പ്രകിയ പൂര്‍ത്തിയായാലേ അന്തിമ കണക്ക് ലഭ്യമാകൂ. നിലവിൽ സര്‍ക്കാരിന‍്റ ഔദ്യാരത്തിലാണ് കെ എസ് ആർ ടി സിയുടെ ഓട്ടം. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെങ്കിൽ മാസം 80 കോടി രൂപ വേണം. സർക്കാർ ഖജനാവിൽ നിന്ന് മാസം തോറും കിട്ടുന്ന 50 കോടി രൂപ കൂടി കൊണ്ടാണ് ശമ്പളം നല്‍കുന്നത്. ഇതിന് പുറമേയാണ് ഇനി സൗജന്യ യാത്രയുടെ ഭാരവും കെ എസ് ആർ ടി സിയുടെ തലയിൽ വരിക.

സൗജന്യ യാത്രയോടെ കെ എസ് ആർ ടി സിയുടെ ദിവസ വരുമാനത്തിലും കാര്യമായി ഇടിവ് വരും. ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം ശരാശരി 21 ലക്ഷമാണ്. എട്ടുകോടി രൂപയാണ് ദിവസേനയുള്ള ടിക്കറ്റ് വരുമാനം. ഈ വരുമാനത്തിന്‍റെ പകുതിയും ചെലവാക്കുന്നത് ഡീസൽ അടിക്കാനാണ്. സൗജന്യ യാത്രയിലൂടെ ചുരുങ്ങിയത് 3 കോടി രൂപയെങ്കിലും ദിവസ വരുമാനത്തിൽ കുറവു വരും. സ്ഥിരം ജീവനക്കാര്‍ക്ക് അടുത്തകാലത്ത് എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം നൽകുന്നുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം എം പാനൽ ജീവനകാര്‍ക്ക് രണ്ടു തവണയായാണ് ശമ്പളം നല്‍കുന്നത്. പെന്‍ഷൻ അനൂകൂല്യങ്ങൾ 2024 മെയ് മാസത്തിന് ശേഷം കുടിശിഖയാണ്. ഡി എ കുടിശിഖ ആയി നിൽക്കുമ്പോഴാണ് അടുത്തിടെ ഏഴ് ശതമാനം വര്‍ധിപ്പിച്ചത്. വായ്പ, പലിശ ബാധ്യതകൾ വേറെയും വരും. സൗജന്യയാത്രയുടെ പണം ഏതെങ്കിലും ഘട്ടത്തിൽ മുടങ്ങിയാൽ കെ എസ് ആർ ടി സിയുടെ നടുവൊടിയുമെന്ന് ചുരുക്കം. ഗ്യാരണ്ടിയിൽ നിന്ന് പിന്നോട്ട് പോയാൽ നാണക്കേടുമാകും. ഈ സാഹചര്യത്തിൽ പുതിയ സർക്കാർ തീരുമാനം എന്താകുമെന്നത് കണ്ടറിയണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അധികാരമേറ്റതിന് പിന്നാലെ ടിവികെയ്ക്ക് തിരിച്ചടി; തിരുപ്പത്തൂർ എംഎൽഎ നിയമസഭ നടപടികളിൽ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്
മാന്ത്രിക സംഖ്യ പിന്നിട്ട് ബഹുദൂരം മുന്നിൽ വിജയ്, 145 എംഎൽഎമാരുടെ പിന്തുണ! പുതുതായി പിന്തുണച്ചത് എഐഎഡിഎംകെ വിമതരും എഎംഎംകെ എംഎൽഎയും