കുൽഭൂഷൺ ജാധവ് കേസ്; പാകിസ്ഥാനെതിരെ വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതി

By Web TeamFirst Published Oct 31, 2019, 12:51 PM IST
Highlights

വിയന്ന ഉടമ്പടി പാകിസ്ഥാൻ ലംഘിച്ചെന്ന് ഐസിജെ അധ്യക്ഷൻ. പാകിസ്ഥാൻ പരിഹാര നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ജസ്റ്റിസ് അബ്ദുൾഖാവി അഹമ്മദ് യൂസഫ്.

ദില്ലി: കുൾഭൂഷൺ ജാധവ് കേസിൽ പാകിസ്ഥാനെതിരെ വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതി. വിയന്ന ഉടമ്പടി പാകിസ്ഥാൻ ലംഘിച്ചെന്ന് ഐസിജെ അധ്യക്ഷൻ ജസ്റ്റിസ് അബ്ദുൾഖാവി അഹമ്മദ് യൂസഫ് കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയ്ക്ക് ഐസിജെ അധ്യക്ഷൻ നല്‍കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പാകിസ്ഥാൻ പരിഹാര നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് അബ്ദുൾഖാവി അഹമ്മദ് യൂസഫ് പറഞ്ഞു. 

ജൂലൈയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യാ പാകിസ്ഥാൻ സംഘർഷം ലഘൂകരിക്കാൻ സഹായിച്ചെന്നും ജസ്റ്റിസ് യൂസഫ് പറഞ്ഞു. യുഎൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിജെ വിധിയുടെ പശ്ചാത്തലത്തിൽ കുൽഭൂഷണൺ ജാധവിനെ കാണാൻ പാകിസ്ഥാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു. എന്നാൽ, അന്താരാഷ്ട്ര നിയമം ലംഘിച്ച് കുൽഭൂഷണ ജാധവിന് മേൽ പാകിസ്ഥാൻ കടുത്ത സമ്മർദ്ദം ചെലുത്തുന്നു എന്നാണ് ഇന്ത്യയുടെ ആരോപണം

2016 മാർച്ച് 3-നാണ് പാക് സുരക്ഷാ ഏജൻസികൾ ബലോചിസ്ഥാനിൽ വച്ച് കുൽഭൂഷൺ ജാദവിനെ അറസ്റ്റ് ചെയ്യുന്നത്. ചാരപ്രവൃത്തി ആരോപിച്ചായിരുന്നു അറസ്റ്റ്. 2017 പാക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി. വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യ ജാദവിനെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. പാക് ചാരൻമാർ ഇറാനിലെ ഛബഹർ തുറമുഖത്ത് നിന്ന് ജാദവിനെ അനധികൃതമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്നായിരുന്നു ഇന്ത്യയുടെ മറുവാദം. 

ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചു. വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാകിസ്താന്‍ കുല്‍ഭൂഷണിനെ തടവില്‍ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അതിനായി കുൽഭൂഷണ് നയതന്ത്രസഹായം പാകിസ്ഥാൻ ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിടുകയായിരുന്നു. 

click me!