കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ പട്ടേലിന്‍റെ സ്വപ്നം സാക്ഷാത്ക്കരിച്ചെന്ന് മോദി

By Web TeamFirst Published Oct 31, 2019, 12:39 PM IST
Highlights

ജമ്മുകശ്മീരിന്‍റെ ഭൂമി പിടിച്ചെടുക്കലല്ല  സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മറിച്ച് ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കലാണെന്നും മോദി ഗുജറാത്തിൽ പറഞ്ഞു.

ദില്ലി: ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സര്‍ദാര്‍ വല്ലഭായി പട്ടേലിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകശ്മീരിൽ ആർട്ടിക്കിൽ 370 റദ്ദാക്കിയതോടെ സർദാർ വല്ലഭായി പട്ടീലിന്‍റെ സ്വപ്നം സാക്ഷാത്ക്കരിച്ചെന്ന് നരേന്ദ്ര മോദി പറഞ്ഞു. കശ്മീരിലെ ഭൂമി പിടിച്ചെടുക്കൽ സര്‍ക്കാരിന്‍റെ ലക്ഷ്യമല്ലെന്നും വല്ലഭായി പട്ടേലിന്‍റെ ജയന്തി ആഘോഷത്തിൽ പങ്കെടുത്ത് മോദി വ്യക്തമാക്കി. 

അനുച്ഛേദം 370 ജമ്മുകശ്മീരിലെ ജനതയ്ക്കും മറ്റുള്ളവർക്കും ഇടയിൽ ഒരു മതിൽ തീർത്തിരുന്നു. വിഘടനവാദവും ഭീകരവാദവും മാത്രമാണ് ഇത് നൽകിയത്. അനുച്ഛേദം  റദ്ദാക്കിയതോടെ ആ മതിൽ തകർത്തു കഴിഞ്ഞു. പുനഃസംഘടനയിലൂടെ സർദാർ പട്ടേലിന്‍റെ സ്വപ്നം പൂവണിഞ്ഞുവെന്നും തീരുമാനം പട്ടേലിന്‍റെ സ്മരണയ്ക്ക് മുന്നിൽ സമർപ്പിക്കുന്നുവെന്നും ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂനിറ്റിയില്‍ നടന്ന ഏകതാ ദിന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. ജമ്മുകശ്മീരിന്‍റെ ഭൂമി പിടിച്ചെടുക്കലല്ല സര്‍ക്കാരിന്‍റെ ലക്ഷ്യം. മറിച്ച് ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കലാണെന്നും നരേന്ദ്രമോദി പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രത്യേക അവകാശം റദ്ദാക്കിയതിലൂടെ ഭീകരർക്ക് രാജ്യത്തേക്ക് വരാനുള്ള വഴിയടയ്ക്കുകയാണ് ചെയ്തതെന്ന് ദില്ലിയില്‍ ഏകതാ റണ്‍ ഫ്ളാഗ് ഓഫ് ചെയ്ത് അമിത് ഷാ പറഞ്ഞു. അതിനിടെ, നെഹ്റുവിന്‍റെ അടുത്ത സുഹൃത്തായ പട്ടേലിനെ സ്വന്തമാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. എന്നാല്‍, അനുച്ഛേദം 370ഉം 35 എയും റദ്ദാക്കിയതിലൂടെ സര്‍ദ്ദാര്‍ പട്ടേലിന്‍റെ നയം നടപ്പാക്കുകയാണെന്ന് വിശദീകരിക്കാനാണ് ബിജെപി ശ്രമം. ഒപ്പം നെഹ്റുവിന് കശ്മീരില്‍ പിഴവ് പറ്റിയെന്ന വാദവും സര്‍ദ്ദാര്‍ പട്ടേല്‍ ജയന്തി ദിനത്തില്‍ സർക്കാർ ശക്തമാക്കുന്നു.  

click me!