ഉത്തര്‍പ്രദേശില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങി കുൽദീപ് സെംഗാറിന്റെ ഭാര്യ

By Web TeamFirst Published Apr 9, 2021, 1:39 PM IST
Highlights

2021 ഏപ്രില്‍ 15 മുതല്‍ നാലു ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2 ന് ഫലം പ്രഖ്യാപിക്കും.

ലക്നൗ: ഉന്നാവോ ബലാത്സം​ഗക്കേസിലെ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സെംഗാറിന്റെ ഭാര്യ സം​ഗീത ബിജെപി ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങുന്നു. ഉത്തർപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇവർ മത്സരിക്കുമെന്ന് ഇന്ത്യ ടുഡേ പുറത്തുവിട്ട വാർത്തയിൽ പറയുന്നു. നിലവിൽ ഉന്നാവോയിലെ പഞ്ചായത്ത് ചെയർപേഴ്സണാണ് സം​ഗീത. 

ഫത്തേപ്പൂര്‍ ചൗരസ്യ ത്രിതീയ സീറ്റിലാണ് ഇവര്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിപ്പിക്കാനൊരുങ്ങുന്നതെന്നും വാർത്തയിലുണ്ട്. കുല്‍ദീപ് സെംഗറിന് ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്നു അംഗത്വം നഷ്ടപ്പെട്ടിരുന്നു. ഉന്നാവോയിലെ ബെഗര്‍മാ നിയോജക മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെംഗറിനെ നിയമപ്രകാരം അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. 

ഇതിനു പിന്നാലെ ബിജെപിയില്‍ നിന്നു ഇദ്ദേഹത്തെ പുറത്താക്കുകയും ചെയ്തിരുന്നു. 2020 ൽ ഉന്നാവോ കേസിലെ ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് സെം​ഗറിന് പത്ത് വർഷം തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. 2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സ​ഗം ചെയ്തതിന്റെ പേരിൽ ജീവപര്യന്തം തടവിൽ കഴിയുകയാണ് കുൽദീപ് സെം​ഗർ. 2021 ഏപ്രില്‍ 15 മുതല്‍ നാലു ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2 ന് ഫലം പ്രഖ്യാപിക്കും.

click me!