എല്ലാ ദിവസവും വേദന നിറഞ്ഞതെന്ന് കുമാരസ്വാമി; കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യത്തില്‍ ഭിന്നതയോ?

By Web TeamFirst Published Jun 19, 2019, 12:55 PM IST
Highlights

ജനങ്ങളുടെ വേദനകള്‍ക്കും സംസ്ഥാനത്തിന്‍റെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണേണ്ട ഉത്തരവാദിത്വം എന്നില്‍ നിക്ഷിപ്തമായിരിക്കുന്നത് കൊണ്ടാണ് ഒന്നും വെളിപ്പെടുത്താത്തത്'- കുമാരസ്വാമി പറഞ്ഞു. 

ബെഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യത്തില്‍ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ എല്ലാ ദിവസവും താന്‍ വേദനയിലൂടെയാണ് കടന്നുപോകുന്നതെന്ന് തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ദിവസവും വേദനയനുഭവിക്കുകയാണെന്നും എന്നാല്‍ ജനങ്ങളുടെ താത്പര്യം പരിഗണിച്ചാണ് ഒന്നും തുറന്നുപറയാത്തതെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. ഒരു പൊതുപരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.

ചൊവ്വാഴ്ചയാണ് സംസ്ഥാനത്തെ ഭരണം മുമ്പോട്ട് കൊണ്ടുപോകുന്നതിന് താന്‍ നേരിടേണ്ടി വരുന്ന പ്രയാസങ്ങളെ കുറിച്ച് കുമാരസ്വാമി വെളിപ്പെടുത്തിയത്. 'നിങ്ങളുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കുമെന്നാണ് ഞാന്‍ ഉറപ്പ് നല്‍കിയത്. ദിവസവും ഞാന്‍ അനുഭവിക്കുന്ന വേദന എന്താണെന്ന് പുറത്തറിയിക്കാന്‍ എനിക്ക് കഴിയുന്നില്ല. ജനങ്ങളുടെ വേദനകള്‍ക്കും സംസ്ഥാനത്തിന്‍റെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണേണ്ട ഉത്തരവാദിത്വം എന്നില്‍ നിക്ഷിപ്തമായിരിക്കുന്നത് കൊണ്ടാണ് ഒന്നും വെളിപ്പെടുത്താത്തത്'- കുമാരസ്വാമി പറഞ്ഞു. 

സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ഓപ്പറേഷന്‍ ലോട്ടസുമായി ബിജെപി മുമ്പോട്ട് നീങ്ങുന്നതിനിടെയാണ് കുമാരസ്വാമിയുടെ തുറന്ന് പറച്ചില്‍. ജെഡിഎസ് വിട്ട് ബിജെപിയില്‍ ചേരാന്‍ എംഎല്‍എയ്ക്ക് ബിജെപി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കര്‍ണാടക ഭരണത്തില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. 

click me!