
പുതുച്ചേരി: നിപ ബാധയുടെ ലക്ഷണങ്ങളുമായി തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ നിന്നുള്ള ആളെ പുതുച്ചേരി ജിപ്മെര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ രക്തസാംപിള്‍ പൂണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. സാംപിള്‍ പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ജിപ്മെര്‍ അധികൃതര്‍ അറിയിച്ചു. ഇയാള്‍ മലപ്പുറത്തെ തിരൂരില്‍ കെട്ടിട്ട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു എന്നാണ് വിവരം.
79-കാരനായ ഇയാള്‍ക്ക് പനി കലശലായതിനെ തുടര്‍ന്ന് മരുമകന്‍ കേരളത്തിലെത്തി സ്വദേശത്തേക്ക് തിരികെ കൊണ്ടു വരികയായിരുന്നു. കടലൂരിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് നിപ ബാധയുണ്ടോയെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പുതുച്ചേരി ജിപ്മറിലേക്ക് മാറ്റിയത്. ഇയാളുമായി അടുത്ത് ഇടപഴകിയ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിലവില്‍ ജിപ്മെറില്‍ തയ്യാറാക്കിയ പ്രത്യേക ഐസോലേഷന്‍ വാര്‍ഡിലാണ് രോഗിയുള്ളത്. ഇയാളുടെ രക്തവും ശരീരസ്രവങ്ങളും അടക്കമുള്ള സാംപിളുകള്‍ പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam