കർണാടക പോരിന് കാഹളം മുഴങ്ങുന്നു, സഖ്യമില്ല! ഒരു മുഴം മുന്നെ ഞെട്ടിച്ച് ജെഡിഎസ്; 93 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

By Web TeamFirst Published Dec 19, 2022, 7:30 PM IST
Highlights

2018 ൽ നടന്ന തെരഞ്ഞെടുപ്പിൽ 37 സീറ്റുകളിലാണ് ജെ ഡി എസ് ജയം നേടിയത്. സീറ്റ് നിലയിൽ ബി ജെ പിക്കും കോൺഗ്രസിനും പിന്നിൽ പോയെങ്കിലും മുഖ്യമന്ത്രി സ്ഥാനം സ്വന്തമാക്കി കിംഗ് മേക്കറാകാൻ കുമാരസ്വാമിക്ക് അന്ന് സാധിച്ചിരുന്നു. പക്ഷേ....

ബെംഗളുരു:  കർണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് 2023 ൽ നടക്കാനിരിക്കെ രാഷ്ട്രീയ പാർട്ടികൾ പ്രചരണ രംഗത്ത് സജീവമാകുകയാണ്. സംസ്ഥാന ഭരണം ഒരു കാലത്ത് കയ്യാളിയിരുന്ന ദേവഗൗഡയുടെയും മകൻ കുമാരസ്വാമിയുടെയും പാർട്ടിയായ ജനതാദൾ എസ് ആണ് ഇക്കുറി അരയും തലയും മുറുക്കി ആദ്യം തന്നെ രംഗത്തെത്തിയിരിക്കുന്നത്. എതിരാളികളെ ഞെട്ടിച്ചുകൊണ്ട് ഒരു മുഴം മുന്നേ തന്നെ ജെ ഡി എസ് ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ്. 93 സ്ഥാനാർഥികളുടെ ആദ്യ പട്ടികയാണ് ഇന്ന് വൈകിട്ടോടെ ജെ ഡി എസ് പുറത്തിറക്കിയത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെ ഡി എസ് നേതാവുമായ എച്ച്‌ ഡി കുമാരസ്വാമി ചന്നപട്ടണ മണ്ഡലത്തിലാകും ഇക്കുറി ഏറ്റുമുട്ടലിനിറങ്ങുക. എച്ച്‌ ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി രാമനഗര മണ്ഡലത്തിലാകും മത്സരിക്കുക. നേരത്തെ മാണ്ഡ്യയിൽ നിന്ന് എം പി സീറ്റിൽ മത്സരിച്ച നിഖിൽ അന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയും നടിയുമായ സുമലതയോട് പരാജയപ്പെട്ടിരുന്നു.

മറ്റൊരു മുതിർന്ന ജെ ഡി എസ് നേതാവും മുൻ മന്ത്രിയുമായ ജി ടി ദേവഗൗഡ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മത്സരിക്കും. 2018 ൽ ചാമുണ്ഡേശ്വരിയിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ദേവഗൗ‍ഡ പരാജയപ്പെടുത്തിയിരുന്നു. ഹുൻസൂർ മണ്ഡലത്തിൽ നിന്ന് ജി ടി ദേവഗൗഡയുടെ മകൻ ഹരീഷ് ഗൗഡയ്ക്കും ജെ ഡി എസ് അവസരം നൽകിയിട്ടുണ്ട്. ആദ്യ ഘട്ടത്തിലെ സ്ഥാനാർഥികൾക്ക് വിജയ പ്രതീക്ഷയുണ്ടെന്നാണ് ജെ ഡി എസ് നേതൃത്വം പറയുന്നത്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ആദ്യം തന്നെ രംഗത്തെത്തുന്നത് തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഗുണം ചെയ്യുമെന്നും ജെ ഡി എസ് നേതൃത്വം കണക്കുകൂട്ടുന്നു.

'അമ്മയാണ്.... പക്ഷേ'; പിഞ്ചുകുഞ്ഞുമായി നിയമസഭാ സമ്മേളനത്തിനെത്തി എംഎൽഎ: വീഡിയോ വൈറൽ

2018 ൽ നടന്ന തെരഞ്ഞെടുപ്പിൽ 37 സീറ്റുകളിലാണ് ജെ ഡി എസ് ജയം നേടിയത്. സീറ്റ് നിലയിൽ ബി ജെ പിക്കും കോൺഗ്രസിനും പിന്നിൽ പോയെങ്കിലും മുഖ്യമന്ത്രി സ്ഥാനം സ്വന്തമാക്കാൻ ജെ ഡി എസിന് അന്ന് സാധിച്ചിരുന്നു. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി ജെ പിയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താനായി കോൺഗ്രസ്, ജെ ഡി എസുമായി സംഖ്യത്തിലായാണ് അന്ന് സർക്കാർ രൂപീകരിച്ചത്. കോൺഗ്രസുമായി സഖ്യം ചേർന്ന് ജെ ഡി എസ് സർക്കാരുണ്ടാക്കിയതോടെ അന്ന് എ ച്ച്ഡി കുമാരസ്വാമി സംസ്ഥാന മുഖ്യമന്ത്രിവുകയും ചെയ്തിരുന്നു. എന്നാൽ 14 മാസത്തെ ഭരണത്തിന് ശേഷം സർക്കാരിനെ മറിച്ചിട്ട് ബി ജെ പി സംസ്ഥാനത്ത് അധികാരത്തിലേറി. ഇതോടെ കോൺഗ്രസും ജനതാദൾ - എസും വേർപിരിഞ്ഞു. അതുകൊണ്ടുതന്നെ പ്രമുഖ പാർട്ടികൾ ഒറ്റയ്ക്കൊറ്റയ്ക്കാകും ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് വിലയിരുത്തലുകൾ. ഒന്നാം ഘട്ട സ്ഥാനാർഥി പട്ടിക ജെ ഡി എസ് പുറത്തിറക്കിയതോടെ സഖ്യ സാധ്യതകൾ ഏറക്കുറെ അവസാനിക്കുകയാണെന്നുമാണ് വിലയിരുത്തലുകൾ.

click me!