
ദില്ലി: ജമ്മു കശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനസ്ഥാപിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇന്റർനെറ്റ് സേവനം തീവ്രവാദികൾ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഇതിന് കാരണമായി കേന്ദ്രം വിശദീകരിച്ചത്. ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റി.
ദുരുപയോഗം ചെയ്യപ്പെടുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാരിന് സാധിക്കുമെന്ന് ഹർജിക്കാർ വാദിച്ചു. ഇന്റർനെറ്റ് നിരോധനം ജിവിക്കാനുള്ള അവകാശത്തിന്റെ ലംഘനമെന്ന് ഹർജിക്കാർ പറഞ്ഞു. ജസ്റ്റിസുമാരായ എൻവി രമണ, സൂര്യ കാന്ത്, ബി ആർ ഗവായി എന്നിവരാണ് കേസിൽ വാദം കേട്ടത്.
ഫൗണ്ടേഷൻ ഓഫ് മീഡിയ പ്രൊഫഷണൽസ്, പ്രൈവറ്റ് സ്കൂൾസ് അസോസിയേഷൻ ഓഫ് ജമ്മു കശ്മീർ, സോയ്ബ് ഖുറേഷി എന്നിവരാണ് ഹർജി നൽകിയത്. വീഡിയോ കോൺഫറൻസിങിലൂടെയാണ് ഹർജിയിൽ വാദം കേട്ടത്.
ഒരു യൂട്യൂബ് വീഡിയോ കാണണമെങ്കിൽ, ഡോക്ടറെ കാണണമെങ്കിൽ, സുപ്രീം കോടതി നടപടികൾ കാണണമെങ്കിൽ എല്ലാത്തിനും 4ജി സേവനം ആവശ്യമാണ്. ഇതൊന്നും ടു ജി സ്പീഡിൽ ലഭിക്കില്ല. ഓൺലൈൻ വിദ്യാഭ്യാസം തടസപ്പെട്ടു തുടങ്ങിയ വാദങ്ങളാണ് ഹർജിക്കാർ ഉന്നയിച്ചത്.
4 ജി സേവനം റദ്ദാക്കിയത് കേന്ദ്രത്തിന്റെ നയപരമായ തീരുമാനമെണെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ പറഞ്ഞു. ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ രംഗത്തും ഇന്റർനെറ്റ് വേഗത കുറഞ്ഞത് തടസം സൃഷ്ടിച്ചിട്ടില്ല. ഇന്റർനെറ്റിന് സ്പീഡ് ഇല്ലാത്തത് കൊണ്ട് കൊവിഡ് രോഗ ബാധിതരാരും മരിച്ചിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. 4 ജി സേവനം ലഭിക്കാത്ത നിരവധി സ്ഥലങ്ങൾ രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam