
ദില്ലി: അതിഥി തൊഴിലാളികളുടെ യാത്രക്കൂലി വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു വശത്ത് സംസ്ഥാനങ്ങളിൽ പലയിടങ്ങളിലായി കുടുങ്ങിപ്പോയ അതിഥിതൊഴിലാളികൾക്ക് തിരികെ പോകാനുള്ള ടിക്കറ്റിന് ചാർജ് ഈടാക്കുന്നു. മറുവശത്ത് പിഎം കെയർ ഫണ്ടിലേക്ക് 151 കോടി രൂപ റെയിൽവേ മന്ത്രാലയം സംഭാവന നൽകിയിരിക്കുന്നു. ഈ പദപ്രശ്നമൊന്ന് പരിഹരിക്കാമോ? രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
അതേ സമയം ടിക്കറ്റിന്റെ 85 ശതമാനം സർക്കാർ സബ്സിഡി നൽകുന്നുണ്ടെന്നും ബാക്കി സംസ്ഥാന സർക്കാർ വഹിക്കേണ്ടതാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സാമൂഹിക അകലം ഉറപ്പാക്കി, പകുതി ശൂന്യമാക്കിയാണ് അതിഥി തൊഴിലാളികളുടെ യാത്ര സജ്ജീകരിച്ചിരിക്കുന്നത്. ഈ ട്രെയിനിൽ ഡോക്ടർമാരും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്.
അതിഥി തൊഴിലാളികളുടെ മടക്ക യാത്രയ്ക്കുള്ള യാത്രക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അതത് സംസ്ഥാന ഘടകങ്ങളോടാണ് സോണിയ ഗാന്ധി നിർദ്ദേശം നൽകിയിരിക്കുന്നത്. മെയ് 1 ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ ലോക്ക് ഡൗൺ മൂലം, രാജ്യത്തെ പല സംസ്ഥാനങ്ങളിലായി കുടുങ്ങിപ്പോയ വിദ്യാർത്ഥികളെയും വിനോദ സഞ്ചാരികളെയും അതിഥി തൊഴിലാളികളെയും സ്വദേശങ്ങളിലേക്ക് തിരികെ എത്തിക്കാൻ പ്രത്യേക ട്രെയിൻ സർവ്വീസ് നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam