
ഇൻഡോർ: കാമുകിയെ ബലാത്സംഗം ചെയ്തതിനും മതം മാറാൻ സമ്മർദ്ദം ചെലുത്തിയതിനും 23 കാരനായ യുവാവിനെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഈയടുത്ത് പുറത്തിറങ്ങിയ 'ദി കേരള സ്റ്റോറി' എന്ന സിനിമ കണ്ടതിന് ശേഷം യുവാവും യുവതിയും വഴക്കിട്ടതെന്നും പിന്നീടാണ് യുവതി പരാതിയുമായി സമീപിച്ചതെന്നും പൊലീസ് പറഞ്ഞു. നിർബന്ധിത മതപരിവർത്തനം തടയുന്ന നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ഖജ്‌രാന പൊലീസ് സ്റ്റേഷൻ ഇൻചാർജ് ദിനേശ് വർമ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
അടുപ്പമായ ശേഷം പരാതിക്കാരി ഇയാളോടൊപ്പം താമസിക്കുകയായിരുന്നു. എന്നാൽ യുവാവ് മതം മാറാൻ സമ്മർദ്ദം ചെലുത്തുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് യുവതി ആരോപിച്ചു. താനും യുവാവും അടുത്തിടെ 'ദി കേരള സ്റ്റോറി' കാണാൻ പോയിരുന്നുവെന്ന് യുവതി പറഞ്ഞു. സിനിമ കണ്ടതിന് ശേഷം ഇരുവരും വഴക്കിടുകയും കാമുകൻ തന്നെ ആക്രമിച്ച ശേഷം ഉപേക്ഷിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. തുടർന്ന് മെയ് 19 ന് പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു.
12-ാം ക്ലാസ് വരെ പഠിച്ച യുവാവ് തൊഴിൽ രഹിതനാണെന്നും യുവതി ഉന്നത വിദ്യാഭ്യാസം നേടി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയുമാണ്. നാല് വർഷം മുമ്പ് ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോഴാണ് ഇരുവരും അടുപ്പത്തിലാകുന്നത്. യുവാവിനെതിരെയുയർന്ന എല്ലാ ആരോപണങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും ദിനേശ് വർമ കൂട്ടിച്ചേർത്തു. ഏറെ വിവാദമായ ചിത്രമാണ് കേരള സ്റ്റോറി. കേരളത്തിൽ നിന്ന്ന് 32000ത്തോളം യുവതികളെ മതംമാറ്റി സിറിയയിൽ ഐഎസിൽ ചേർത്തുവെന്നാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്ന് രൂക്ഷമായ വിമർശനമുയർന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam