കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി: തീരുമാനം പ്രധാനമന്ത്രിക്ക് വിട്ട് ബിജെപി

By Web TeamFirst Published Oct 12, 2021, 7:42 AM IST
Highlights

കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റിലായത്. പിതാവ് മന്ത്രി സ്ഥാനത്ത് തുടരുമ്പോള്‍ മകനെതിരെയുള്ള അന്വേഷണം നീതി പൂര്‍വമാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
 

ദില്ലി: ലഖിംപുര്‍ ഖേരി(Lakhimpur Kheri) സംഭവത്തില്‍ മകന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര (Ajay Misra) രാജിവെക്കണമെന്ന ആവശ്യം ഉയരവെ തീരുമാനം പ്രധാനമന്ത്രിക്ക് (PM Modi) വിട്ട് ബിജെപി(BJP). അന്വേഷണത്തിലെ പുരോഗതിയനുസരിച്ച് തുടര്‍ നടപടിയെടുക്കും. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ലഖിംപൂരില്‍ ഇന്ന് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിക്കും. കര്‍ഷകര്‍ക്ക് നീതി കിട്ടുംവരെ സമരം തുടരുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റിലായത്. പിതാവ് മന്ത്രി സ്ഥാനത്ത് തുടരുമ്പോള്‍ മകനെതിരെയുള്ള അന്വേഷണം നീതി പൂര്‍വമാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം, അജയ് മിശ്രക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് ബിജെപി സംസ്ഥാന ഘടകം കൈക്കൊണ്ടത്. ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കാറിടിപ്പിച്ച് സംഭവത്തില്‍ നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനുമടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്.

കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹമാണ് കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയതെന്നാണ് ആരോപണം. സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ കാറില്‍ താന്‍ ഇല്ലായിരുന്നെന്നാണ് കേന്ദ്രമന്ത്രിയുടെ മകന്റെ വാദം. ഒക്ടോബര്‍ മൂന്നിന് നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റുണ്ടായത്. സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. കൊലപാതകം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
 

click me!