ലഖിംപുര്‍ ഖേരി: സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ കേന്ദ്രമന്ത്രിയുടെ മകന് സമന്‍സ്

By Web TeamFirst Published Oct 7, 2021, 7:21 PM IST
Highlights

കര്‍ഷകര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ആശിശ് മിശ്രക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഒക്ടോബര്‍ മൂന്നിന് ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറിയതിനെ തുടര്‍ന്ന് കര്‍ഷകരടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്.
 

ലഖ്‌നൗ: ലഖിംപുര്‍ ഖേരി സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിശ് മിശ്രയെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചു. സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് 
വ്യാഴാഴ്ച പൊലീസ് സമന്‍സ് അയച്ചത്. കര്‍ഷകര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ആശിശ് മിശ്രക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഒക്ടോബര്‍ മൂന്ന് ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറിയതിനെ തുടര്‍ന്ന് കര്‍ഷകരടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ആശിശ് പാണ്ഡെ, ലവ കുശ് എന്നിവര്‍ക്കും പൊലീസ് നോട്ടീസയച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങളും സംശയങ്ങളും ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതോടെ ദുരീകരിക്കപ്പെടുമെന്ന് ഐജി ലക്ഷ്മി സിങ് പറഞ്ഞു.

ആശിശ് മിശ്ര കര്‍ഷകര്‍ക്കുനേരെ വെടിവെച്ചെന്നും കാര്‍ ഓടിച്ചകയറ്റിയപ്പോള്‍ അദ്ദേഹമുണ്ടായിരുന്നെന്നും എഫ്‌ഐആറില്‍ പറയുന്നു. അതേസമയം എഫ്‌ഐആറിലെ ആരോപണങ്ങള്‍ ആശിശ് മിശ്ര തള്ളി. കാര്‍ കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ചുകയറിയപ്പോള്‍ താന്‍ അവിടെയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 

ലഖിംപുര്‍ ഖേരി സംഘര്‍ഷത്തില്‍ യുപി സര്‍ക്കാരിനോട് സുപ്രീം കോടതിറിപ്പോര്‍ട്ട് തേടിയിരുന്നു. നിര്‍ഭാഗ്യകരമായ സംഭവമെന്ന് വിലയിരുത്തിയ സുപ്രീംകോടതി, കേസിന്റെ വിശദ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആര്‍ക്കൊക്കെ എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ആരാഞ്ഞ കോടതി, സംഭവവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്‌തോയെന്നും ചോദിച്ചു. കേസില്‍ യുപി സര്‍ക്കാര്‍ നാളെ വിശദാംശം നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം. ആക്രമണത്തില്‍ കൊല്ലപ്പെട്ട ലവ്പ്രീതിന്റെ അമ്മയ്ക്ക് അടിയന്തര ചികിത്സ നല്‍കാനും കോടതി നിര്‍ദേശം നല്‍കി.
 

click me!