
ലഖ്‌നൗ: ലഖിംപുര്‍ ഖേരിയില്‍ (Lakhimpur Kheri) കര്‍ഷക സമരത്തിനിടെ കാര്‍ ഇടിച്ചു കയറ്റി കര്‍ഷകരടക്കം എട്ടുപേര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ (Ajay Mishra) മകന്‍ ആശിഷ് മിശ്രക്ക് (Ashish Mishra) ഡെങ്കിപ്പനി (Dengue). അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് ആശിഷ് മിശ്രയെ ജില്ലാ ജയിലിലേക്ക് മാറ്റി. ജില്ലാ ജയിലില്‍ നിന്നാണ് ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡോക്ടര്‍മാരുടെ സംഘമാണ് ആശിഷ് മിശ്രയെ ചികിത്സിക്കുന്നത്. ഇയാള്‍ പ്രമേഹരോഗിയാണെന്നും സിഎംഒ ശൈലേന്ദ്ര ഭട്‌നഗര്‍ പറഞ്ഞു.
ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടെയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകനും ഒരു മാധ്യമപ്രവര്‍ത്തനുമുള്‍പ്പെടെ എട്ട് പേര്‍ അപകടത്തിലും തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിലും മരിച്ചു. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. വാഹനത്തില്‍ ആശിഷ് മിശ്രയുണ്ടായിരുന്നെന്നാണ് കര്‍ഷകര്‍ ആരോപിച്ചത്. എന്നാല്‍ ആ സമയം താന്‍ അവിടെയുണ്ടായിരുന്നില്ലെന്ന് ആശിഷ് മിശ്ര പറഞ്ഞിരുന്നു.
കൊലപാതകം, ഗൂഢാലോചന തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പൊലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 13 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഒക്ടോബര്‍ ഒമ്പതിന് അറസ്റ്റിലായ ആശിഷ് മിശ്രയെ ഒക്ടോബര്‍ 11വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പിന്നീട് പൊലീസ് കസ്റ്റഡി രണ്ടുതവണയായി 15 വരെ നീട്ടി. തുടര്‍ന്ന് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam