
ദില്ലി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ് എംപി എം ഹംദുള്ള സയീദ് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകി. ലക്ഷദ്വീപ് ഭരണകൂടം തനിക്കെതിരെ അവകാശ ലംഘനം നടത്തിയതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് 31-ന് അഗത്തിയിൽ നടന്ന ഉപരാഷ്ട്രപതിയുടെ പരിപാടിക്ക് തന്നെ ക്ഷണിക്കുകയോ, പരിപാടിയെക്കുറിച്ച് മുൻകൂട്ടി അറിയിക്കുകയോ ചെയ്തില്ലെന്നാണ് എംപിയുടെ പരാതി. കേന്ദ്ര മന്ത്രാലയത്തിന്‍റെ ഔദ്യോഗിക പരിപാടിയിൽ നിന്ന് ജനപ്രതിനിധിയെ ഒഴിവാക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് എംപി എന്ന നിലയിൽ തന്‍റെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പരിപാടിയുടെ വിവരങ്ങളോ പ്രോട്ടോക്കോൾ സംബന്ധിച്ച നിർദേശങ്ങളോ തനിക്ക് ലഭ്യമാക്കിയില്ല. ഉപരാഷ്ട്രപതിയുടെ ലക്ഷദ്വീപ് സന്ദർശനത്തെക്കുറിച്ച് തനിക്ക് ലഭിച്ച ഏക ഔദ്യോഗിക അറിയിപ്പ് വൈസ് പ്രസിഡന്‍റ് സെക്രട്ടേറിയറ്റിൽ നിന്നുള്ള ഒരു ഇമെയിൽ മാത്രമായിരുന്നുവെന്നും എംപി വ്യക്തമാക്കി. അതിൽ ഫിഷറീസ് മന്ത്രാലയത്തിന്‍റെ ഔട്ട്‌റീച്ച് പരിപാടിയുമായി ബന്ധപ്പെട്ട് ഉപരാഷ്ട്രപതി സന്ദർശനം നടത്തുന്നു എന്ന് മാത്രമാണ് അറിയിച്ചിരുന്നത്. ഒരു ഉന്നത ഭരണഘടനാ പദവിയിലുള്ള വ്യക്തിയുടെ പരിപാടിയിൽ നിന്ന് ഒരു ജനപ്രതിനിധിയെ ഒഴിവാക്കുന്നത് ജനാധിപത്യപരമായ കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പരാതിയിൽ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം തേടണമെന്നും, പരിപാടിയുമായി ബന്ധപ്പെട്ട രേഖകൾ, കത്തുകൾ, ക്ഷണിതാക്കളുടെ പട്ടിക എന്നിവ സ്പീക്കർ പരിശോധിക്കണമെന്നും എംപി ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തിലൂടെ അഭ്യർത്ഥിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam