തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും മരിച്ചു. ബോണ്ടഡ് ലേബർ സമ്പ്രദായത്തിന് സമാനമായി ജോലി ചെയ്യിപ്പിക്കുകയായിരുന്നുവെന്നും ഗർഭിണിയായ യുവതിക്ക് ആവശ്യമായ വൈദ്യസഹായം നിഷേധിച്ചതാണ് മരണത്തിന് കാരണമായതെന്നും കുടുംബം ആരോപിച്ചു. തന്മൊഴി (44) ആണ് മരിച്ചത്. തന്മൊഴിയുടെ ഭർത്താവ് ആനന്ദ് (45) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആനന്ദ്, തന്മൊഴി, ഇവരുടെ 16 വയസ്സുള്ള മകൻ, 19 വയസ്സുള്ള മകൾ, മരുമകൻ എന്നിവരടങ്ങുന്ന അഞ്ചംഗ കുടുംബം ആറുമസം മുൻപ് 20,000 രൂപ അഡ്വാൻസ് വാങ്ങിയാണ് അറുമുഖം എന്നയാളുടെ തടിമില്ലിൽ മരംവെട്ട് ജോലിക്ക് ചേർന്നത്.

തങ്ങളെ ബോണ്ടഡ് ലേബർമാരെപ്പോലെയാണ് ജോലി ചെയ്യിപ്പിച്ചിരുന്നതെന്ന് ആനന്ദ് പരാതിയിൽ പറയുന്നു. ഗർഭിണിയായ ഭാര്യയ്ക്ക് ഭക്ഷണം വാങ്ങാൻ പണം ചോദിച്ചപ്പോൾ അറുമുഖം തന്നെ ഉപദ്രവിച്ചതായും അദ്ദേഹം ആരോപിച്ചു. ഭാര്യയെ പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവാദം ചോദിച്ചെങ്കിലും ജോലി പൂർത്തിയാക്കിയ ശേഷം പോയാൽ മതിയെന്ന് പറഞ്ഞ് അറുമുഖം നിരസിക്കുകയായിരുന്നു. വയറുവേദനയാണെന്ന് പറഞ്ഞപ്പോൾ പെയിൻ കില്ലർ ഗുളിക നൽകാനാണ് നിർദ്ദേശിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഷെഡിൽ വച്ച് തന്മൊഴിക്ക് കടുത്ത പ്രസവവേദന അനുഭവപ്പെടുകയും തുടർന്ന് ബോധരഹിതയായി ശ്വാസമെടുക്കുന്നത് നിലയ്ക്കുകയും ചെയ്തു.

തുടർന്ന് അറുമുഖത്തെ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തിച്ചെങ്കിലും തന്മൊഴിയും കുഞ്ഞും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. മരണവിവര പുറത്തറിയാതിരിക്കാൻ അറുമുഖം 2,000 രൂപ നൽകി മൃതദേഹം മാറ്റാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ പീഡന നിരോധന നിയമം (SC/ST Act), കൊത്തടിമ സമ്പ്രദായ നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

YouTube video player