ലാലു പ്രസാദ് യാദവ് അത്യാസന്ന നിലയിൽ; തേജസ്വിയെ വിളിച്ച് വിവരം അന്വേഷിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Jul 6, 2022, 12:04 AM IST
Highlights

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ലാലു പ്രസാദിന്‍റെ ആരോഗ്യനില അന്വേഷിച്ചും അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്നും ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തി.

പാട്ന: പടിയിൽ നിന്ന് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രിയിലായി രണ്ടാം ദിവസവും ലാലു പ്രസാദിന് കാര്യമായ ആരോഗ്യ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ലാലു പ്രസാദിന്‍റെ ആരോഗ്യനില അന്വേഷിച്ചും അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്നും ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തി.

ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി, രണ്ട് മുതിർന്ന മന്ത്രിമാർ രാജിവെച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി, ലാലു പ്രസാദിന്‍റെ മകനും ആർജെഡി നേതാവുമായ തേജസ്വി പ്രസാദ് യാദവിനെ ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ ആരാഞ്ഞു. ലാലു പ്രസാദിന്റെ ആരോഗ്യനില എത്രയും വേഗം സുഖം പ്രാപിക്കണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞെന്നാണ് തേജസ്വി വ്യക്തമാക്കുന്നത്. ലാലുവിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ആവശ്യമെങ്കിൽ ലാലു പ്രസാദിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ദില്ലിയിലേക്ക് അയയ്‌ക്കാൻ ബിഹാർ സർക്കാർ ആവശ്യമായ ക്രമീകരണങ്ങൾ ഉടൻ ചെയ്യണമെന്ന് ബിജെപി നേതാവ് സുശീൽ മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.

പടിയിൽ നിന്ന് വീണ ലാലു പ്രസാദിന്‍റെ തോളെല്ല് ഒടിഞ്ഞെന്നാണ് റിപ്പോ‍ർട്ടുകൾ. ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് അദ്ദേഹം. തോളെല്ലിന് പരിക്കേറ്റതും വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങളുമായി ബന്ധപ്പെട്ട നിരവധി രോഗലക്ഷണങ്ങളും ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. അതിവേഗം ലാലു പ്രസാദ് രോഗമുക്തി നേടി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

കാലിത്തീറ്റ കുംഭക്കോണം: അവസാനത്തെ കേസിലും ജാമ്യം നേടി ലാലു പ്രസാദ് യാദവ്

അതേസമയം ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ആർ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ജാമ്യം ലഭിച്ചത്. ഡോറാന്‍ണ്ട ട്രഷറിയില്‍ നിന്ന് 139 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യത്തുകയായും പത്ത് ലക്ഷം രൂപ പിഴയായും അടക്കണമെന്നുമായിരുന്നു അന്ന് കോടതി ഉത്തരവിട്ടത്. കേസില്‍ പ്രത്യേക സി ബി ഐ കോടതി നേരത്തെ  അഞ്ച് വര്‍ഷം തടവും അറുപത് ലക്ഷം രൂപ പിഴയും ലാലുവിന് വിധിച്ചിരുന്നു. നീണ്ടകാലത്തെ തടവും ശാരീരികപ്രശ്നങ്ങളും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചതെന്നാണ് അന്ന് ലാലു പ്രസാദ് യാദവിന്‍റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

click me!