
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ മണ്ണിടിച്ചിൽ ഉണ്ടായി. തുടർന്ന് കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീണു. റോഡിലൂടെ പോയിരുന്ന സ്കൂട്ടർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാർ റോഡിലൂടെ പോകുമ്പോൾ മണ്ണിടിച്ചിൽ ഉണ്ടാകുന്നതും കല്ലും മണ്ണും ബൈക്കിലേക്ക് വന്നിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അത്ഭുതകരമായാണ് സ്കൂട്ടർ യാത്രക്കാരായ ഇരുവരും രക്ഷപ്പെടുന്നത്.
ഉത്തരാഖണ്ഡിൽ നിലവിൽ ശക്തമായ മഴയാണ്. ഹരിദ്വാർ, നൈനിത്താൽ, ഉദ്ധം സിംഗ് നഗർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒൻപത് ജില്ലകളിലെ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. ഹരിദ്വാർ ഡെറാഡൂൺ റെയിൽവേ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് റെയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുന്നതിനാൽ നിരവധി റോഡുകൾ അടച്ചിട്ടുണ്ട്. ഹരിദ്വാറിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഉത്തരാഖണ്ഡിലെ ധരാലിയിൽ മിന്നൽ പ്രളയത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുകയാണ്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ദില്ലിയിൽനിന്ന് കെഡാവർ നായ്ക്കളെ വിമാനമാർഗ്ഗം ഉത്തരാഖണ്ഡിൽ എത്തിക്കും. എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ്, കരസേന, ഐടിബിപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇതുവരെ 130ലധികം പേരെ അപകട സ്ഥലത്തുനിന്നും വിവിധ സേനകൾ രക്ഷപ്പെടുത്തി.