ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; 19 ലക്ഷം ജനങ്ങള്‍ പുറത്ത്, അസമില്‍ കനത്ത സുരക്ഷ

Published : Aug 31, 2019, 10:39 AM ISTUpdated : Aug 31, 2019, 11:01 AM IST
ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക  പ്രസിദ്ധീകരിച്ചു; 19 ലക്ഷം ജനങ്ങള്‍ പുറത്ത്, അസമില്‍ കനത്ത സുരക്ഷ

Synopsis

3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുണ്ട്. 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.   

അസം: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു.  ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്. 3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുണ്ട്. 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 

അസമിൽ ഇപ്പോൾ താമസിക്കുന്നവരിൽ എത്ര പേർക്ക് ഔദ്യോഗികമായി ഇന്ത്യൻ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ റജിസ്റ്റർ.  ഒരു വർഷം മുമ്പാണ് പൗരത്വ രജിസ്റ്ററിന്‍റെ ആദ്യരൂപം  കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനഃപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിട്ടിരിക്കുന്നത്. അന്തിമ പൗരത്വ റജിസ്റ്ററിലും തെറ്റുകൾ വരാനുള്ള സാധ്യത കേന്ദ്രസർക്കാർ മുന്നിൽ കാണുന്നുണ്ട്. അതിനാൽ, എൻആർസിയിൽ (National Registry For Citizens) പേര് വരാത്തവർക്ക് അപ്പീൽ നൽകാൻ അവസരം നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

പട്ടികയിൽ നിന്ന് പുറത്തായവരെ ഉടൻ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞിരിക്കുന്നത്. ഇവരുടെ ഭാഗം കേൾക്കുന്നതിന് 1000 ട്രൈബ്യൂണലുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ 100 ട്രൈബ്ര്യൂണലുകൾ പ്രവർത്തിക്കുന്നുണ്ട്.   ഇത്തരക്കാര്‍ക്ക് പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് രേഖകളുമായി  ട്രൈബ്യൂണലിനെ സമീപിക്കാം. ഇന്ന് മുതൽ 120 ദിവസത്തിനകം അപ്പീൽ നൽകണം.  രേഖകൾ പരിശോധിച്ച് ട്രൈബ്യൂണൽ അന്തിമ തീർപ്പ് കൽപിക്കും. ട്രൈബ്യൂണലും എതിരായി വിധിച്ചാൽ ഇവര്‍ക്ക് ഇതിനെതിരെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്. 

ദേശീയ പൗരത്വ രജിസ്റ്റർ പട്ടികയുടെ അന്തിമരൂപം പ്രസിദ്ധീകരിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി അസമില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൗരത്വരജിസ്റ്ററില്‍ പേരില്ലെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് അറുപതുകാരി ആത്മഹത്യ ചെയ്തതതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. തെസ്‍പൂരിലെ ദോലാബാരി സ്വദേശിനിയായ ഷയേറ ബീഗമാണ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. പൗരത്വരജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്‍റ പേരില്‍ 33 പേര്‍ ഇതിനകം ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ജൂലൈയില്‍ മാത്രം ആറ് പേര്‍ മരിച്ചു.

2013-ലാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

2018 ജൂലായ് 30ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ നിന്ന് അനേകം പേര്‍ പുറത്തായിരുന്നു. ഇതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് അസമിലുടനീളം ഉണ്ടായത്. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒരു ലക്ഷത്തോളം പേര്‍ ഈ പട്ടികയിലും പുറത്തായതായി കണ്ടെത്തിയിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഒരൊറ്റ അഭ്യർത്ഥനയേ ഉള്ളൂ അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകളിലേക്ക് ആരും പോകരുത്', എസ്ഐആറിനെതിരെ രൂക്ഷ പ്രതികരണവുമായി മമത
6 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി; കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കും