ദക്ഷിണേന്ത്യയുടെ കുംഭമേള എന്നറിയപ്പെടുന്ന മഹാമാഘമഹോത്സവം 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ മലപ്പുറം തിരുനാവായയിൽ നടക്കും. ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന മഹോത്സവത്തിൽ നിളാ ആരതി, മഹാമേരു രഥയാത്ര, വേദഘോഷങ്ങൾ, അമൃതസ്നാനം എന്നിവ നടക്കും.
കൊച്ചി: ‘ദക്ഷിണേന്ത്യയുടെ കുംഭമേള’ എന്നറിയപ്പെടുന്ന മഹാമാഘമഹോത്സവം-2026, ഭാരതപ്പുഴയുടെ തീരമായ മലപ്പുറം ജില്ലയിലെ തിരുനാവായയിലും താപസന്നൂരിലുമായി 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടക്കും. മാഘ ഗുപ്ത നവരാത്രി ആരംഭ ദിനമായ 19 ന് രാവിലെ 11 മണിക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ മഹാമാഘമഹോത്സവത്തിന്റെ കൊടിയുയർത്തും.
മഹാമാഘമഹോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനമായ തമിഴ്‌നാട്ടിലെ ത്രിമൂർത്തി മലയിൽ നിന്നും തിരുനാവായ ത്രിമൂർത്തി സംഗമത്തിലേക്കുള്ള മഹാമേരു രഥയാത്രയ്ക്കും 19ന് രാവിലെ തുടക്കമാകും. തമിഴ്‌നാട്ടിലെ പ്രമുഖ ആധീനങ്ങൾ പങ്കെടുക്കുന്ന യാത്ര ഭാരതീയ ധർമ്മ പ്രചാരസഭയുടെ ആചാര്യൻ യതീശാനന്ദനാഥൻ ഡോ. ശ്രീനാഥ് കാരയാട്ട് ആണ് നയിക്കുന്നത്. 19ന് വൈകീട്ട് 6 തിരുനാവായയിൽ മോഹൻജി ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന നിളാ ആരതിക്കും തുടക്കമാകും. ബ്രഹ്മർഷി മോഹൻജി പ്രഥമ ആരതി നടത്തും.
കാശി ദശാശ്വമേധ് ഘാട്ടിലെ ഗംഗാ ആരതി പണ്ഡിറ്റുകൾ അർച്ചകരാകുന്ന ആരതി ഫെബ്രുവരി 3 വരെ ദിവസവും വൈകീട്ട് നിളാതീരത്തു നടക്കും. മാഘമഹോത്സവത്തിൽ ദിവസവും രാവിലെ വേദഘോഷത്തോടെ നടക്കുന്ന സ്നാനത്തിനും വൈദികക്രിയകൾക്കും ഗായത്രി ഗുരുകുലം ആചാര്യൻ അരുൺ പ്രഭാകർ നേതൃത്വം നൽകും. പ്രധാനദിനമായ മാഘപൂർണ്ണിമയിലെ തൈപ്പൂയാഘോഷങ്ങൾ എൽ.എം.ആർ.കെ. ക്യാപ്റ്റൻ രജിത് കുമാർജിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെടുന്നത്.
ജനുവരി 19 മുതൽ ഫെബ്രുവരി 3 വരെ നവകോടി നാരായണജപാർച്ചയും മഹാമാഘനഗരിയിൽ നടക്കും. ഓരോ ക്ഷേത്രങ്ങളിൽ നിന്നും ദീപവുമായി എത്തുന്ന ഭക്തസമിതികൾക്ക് മാഘവൃഷവും രക്ഷാദേവതകളുടെ ആസ്താനവുമായ അശ്വത്ഥവൃക്ഷത്തൈ പ്രസാദമായി നൽകും. ഫെബ്രുവരി 3ന്, മാഘമാസത്തിലെ മകം നാളിൽ രാവിലെ നടക്കുന്ന അമൃതസ്നാനത്തോടേയും യതിപൂജയോടെയുമാണ് മഹോത്സവം സമാപിക്കുന്നത്.
മഹാമാഘ സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി, വർക്കിങ് ചെയർമാൻ കെ. ദാമോദരൻ, ചീഫ് കോർഡിനേറ്റർ കെ. കേശവദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
