ഒടുവിലെ വഴക്ക് വീട്ടിൽ പോകുന്നതിനെ ചൊല്ലി; 5 മാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്, മൃതദേഹം പല ഭാഗങ്ങളാക്കി നദിയിൽ തള്ളി

Published : Aug 25, 2025, 03:55 PM IST
Husband Kills Pregnant Wife

Synopsis

ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞു. 21 വയസ്സുകാരിയായ സ്വാതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അറസ്റ്റിൽ.

ഹൈദരാബാദ്: അഞ്ച് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. മൃതദേഹം പല കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞു.

21 വയസ്സുള്ള സ്വാതിയാണ് കൊല്ലപ്പെട്ടത്. 27 വയസ്സുകാരനായ ഭർത്താവ് മഹേന്ദർ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വാതിയുടെ ശരീരഭാഗങ്ങൾ അടങ്ങിയ ബാഗുമായി മഹേന്ദർ റെഡ്ഡി വീടിന് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.

മൃതദേഹത്തിന്‍റെ ഒരു ഭാഗം പ്രതി മുറിയിൽ സൂക്ഷിച്ചിരുന്നതായി ഡിസിപി പി വി പത്മജ പറഞ്ഞു. ഹൈദരാബാദിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്.

സ്വാതിയെ കാണാനില്ലെന്നാണ് മഹേന്ദർ റെഡ്ഡി സഹോദരിയെ വിളിച്ച് അറിയിച്ചത്. സംശയം തോന്നിയ സഹോദരി പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി ചോദ്യംചെയ്തപ്പോൾ സ്വാതിയെ കാണാനില്ലെന്ന് ഭർത്താവ് ആവർത്തിച്ചു. എന്നാൽ നിരന്തരമായ ചോദ്യം ചെയ്യലിൽ ഭാര്യയെ കൊന്നതായി പ്രതി സമ്മതിച്ചതായി ഡിസിപി പത്മജ പറഞ്ഞു.

സ്വാതിയുടെ ശരീരഭാഗങ്ങൾ പ്രതി വെവ്വേറെ പ്ലാസ്റ്റിക് കവറുകളിലാക്കി മൂന്ന് തവണയായി മുസി നദിയിൽ എറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. മുറിയിൽ സൂക്ഷിച്ച ശരീര ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും നദിയിലെറിഞ്ഞത് കണ്ടെത്താനായിട്ടില്ല. കണ്ടെത്തിയ ശരീരഭാഗങ്ങൾ ഗാന്ധി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബാക്കിയുള്ള ശരീര ഭാഗങ്ങൾക്കായി പൊലീസ് നദിയിൽ തിരച്ചിൽ നടത്തുകയാണ്.

തെലങ്കാനയിലെ വികാരാബാദ് സ്വദേശികളായ സ്വാതിയും മഹേന്ദർ റെഡ്ഡിയും അയൽക്കാരായിരുന്നു. 2024 ജനുവരിയിൽ ഹൈദരാബാദിലെ ആര്യസമാജിൽ വെച്ച് ഇരുവരും വിവാഹിതരായി. വിവാഹ ശേഷം ഇവർ ഹൈദരാബാദിലേക്ക് താമസം മാറ്റി. തുടക്കത്തിൽ സന്തോഷത്തോടെ ജീവിച്ചു. പിന്നീട് വഴക്കുകൾ പതിവായി. 2024 ഏപ്രിലിൽ യുവതി ഭർത്താവിനെതിരെ ഗാർഹിക പീഡനം ആരോപിച്ച് വികാരാബാദിൽ പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഗ്രാമത്തിലെ മുതിർന്നവർ ചർച്ച നടത്തി ഒത്തുതീർപ്പിലെത്തി.

സ്വാതി ഒരു കോൾ സെന്ററിൽ മൂന്ന് മാസം ജോലി ചെയ്തിരുന്നു. ഭാര്യയെ സംശയം കാരണം റെഡ്ഡി ജോലിക്ക് വിട്ടില്ല. ഈ വർഷം മാർച്ചിൽ സ്വാതി ഗർഭിണിയായി. അപ്പോഴും ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഓഗസ്റ്റ് 22-ന് താൻ വൈദ്യപരിശോധനയ്ക്കും മാതാപിതാക്കളെ കാണാനും പോകുമെന്ന് സ്വാതി ഭർത്താവിനോട് പറഞ്ഞു. എന്നാൽ അയാൾ സമ്മതിച്ചില്ല. തുടർന്നുണ്ടായ വഴക്കിന് പിന്നാലെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി