യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ 181 സീറ്റുകൾ ആവശ്യപ്പെട്ട കോൺഗ്രസിന് 24 സീറ്റുകൾ മാത്രം നൽകാൻ എസ്പി തീരുമാനിച്ചു.
ലക്നൌ: 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളും മുന്നണികളും സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയ ചർച്ചകളിലും സജീവമായി. യുപി പിടിക്കുകയെന്ന ലക്ഷ്യത്തോടെയിറങ്ങുന്ന എസ് പി- കോൺഗ്രസ് സഖ്യം വലിയ പ്രതീക്ഷയിലാണ്. 181 സീറ്റുകൾ ചോദിച്ച കോൺഗ്രസിന് 24 സീറ്റുകൾ മാത്രമേ നൽകാനാകൂവെന്ന് സഖ്യകക്ഷിയായ സമാജ് വാദി പാർട്ടി നിലപാടെടുത്തത്തോടെ തർക്കം മുറുകുമെന്ന് ഉറപ്പായി.
നിർണായക നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണുള്ളത്. ഇന്നലെ ദില്ലിയിൽ വെച്ചാണ് അഖിലേഷ് യാദവുമായി കോൺഗ്രസ് നേതാക്കൾ കൂടികാഴ്ച നടത്തിയത്. ആകെ 403 സീറ്റിൽ 181 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും, 24 സീറ്റേ നൽകാനാവൂ എന്നുമാണ് സമാജ്വാദി പാർട്ടി അറിയിച്ചത്. വിദേശത്തുള്ള രാഹുൽ ഗാന്ധി തിരിച്ചുവന്ന ശേഷം അഖിലേഷുമായി കൂടികാഴ്ച നടത്തുമെന്നാണ് വിവരം. നിലവിൽ യുപി നിയമസഭയിൽ രണ്ട് സീറ്റുമാത്രമുള്ള കോൺഗ്രസ് ഇരൂനൂറോളം സീറ്റ് ചോദിക്കുന്നതിനെ നേരത്തേ ബിജെപി പരിഹസിച്ചിരുന്നു.
അതിനിടെ മഥുരയിലെ രണ്ട് ദിവസത്തെ യോഗത്തിൽ മൂന്ന് മാസത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ തയാറാക്കിയ ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപ്രതീക്ഷിതമായാണ് ദില്ലിയിലെത്തി നേതൃത്വവുമായി കൂടികാഴ്ച നടത്തിയത്. പാർട്ടി അധ്യക്ഷൻ നിതിൻ നവീനുമായും അമിത് ഷായുമായും സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചാണ് ചർച്ച നടന്നുവെന്നാണ് വിവരം. മഥുരയിലെ യോഗത്തിൽ ബൂത്ത് തലത്തിൽ പാർട്ടിയിൽ ഏകോപനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ചുമതലകളിൽ വീഴ്ച വരുത്തുന്ന നേതാക്കൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും നിതിൻ നവീൻ യോഗത്തിൽ മുന്നറിയിപ്പ് നൽകി.










