വീഡിയോ കോണ്‍ഫറന്‍സിനിടെ യുവതിയെ വാരിപ്പുണര്‍ന്ന് അഭിഭാഷകന്‍; കടുത്ത നടപടിയുമായി കോടതി

By Web TeamFirst Published Dec 23, 2021, 11:15 AM IST
Highlights

രാജ്യത്തെ ഒരു കോടതിയിലും ട്രൈബ്യൂണലുകളിലും മറ്റ് ഇടങ്ങളിലും അഭിഭാഷകനെന്ന നിലയില്‍ ആര്‍ ഡി സന്താന കൃഷ്ണന്‍ ഹാജരാവുന്നതിന് വിലക്കും കോടതി പ്രഖ്യാപിച്ചു. 

വെര്‍ച്വല്‍ കോടതിയില്‍ ( Virtual Hearing) യുവതിയെ വാരിപ്പുണര്‍ന്ന നിലയിലെത്തിയ (Improper Behaviour ) അഭിഭാഷകനെതിരെ കടുത്ത നടപടിയുമായി മദ്രാസ് ഹൈക്കോടതി (Madras High Court). അശ്ലീലകരമായ രീതിയില്‍ കോടതിയിലെത്തി അഭിഭാഷകനെ മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച സസ്പെന്‍ഡ് ചെയ്തു. സിംഗിള്‍ ജഡ്ജിന് മുന്‍പാകെ ഒരു കേസിന്‍റെ വെര്‍ച്വല്‍ ഹിയറിംഗ് നടക്കുന്നതിനിടയായിരുന്നു ആര്‍ ഡി സന്താന കൃഷ്ണന്‍(R D Santhana Krishnan) എന്ന അഭിഭാഷകന്‍റെ അനുചിതമായ നടപടി.

രാജ്യത്തെ ഒരു കോടതിയിലും ട്രൈബ്യൂണലുകളിലും മറ്റ് ഇടങ്ങളിലും അഭിഭാഷകനെന്ന നിലയില്‍ ആര്‍ ഡി സന്താന കൃഷ്ണന്‍ ഹാജരാവുന്നതിന് വിലക്കും കോടതി പ്രഖ്യാപിച്ചു. അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാവുന്നത് വരെ ഈ വിലക്ക് ബാധകമായിരിക്കും. ഇത് സംബന്ധിച്ച പത്രക്കുറിപ്പ് തമിഴ്നാട്, പുതുച്ചേരി ബാര്‍ കൌണ്‍സില്‍ പുറത്തുവിട്ടു. ജഡ്ജുമാരായ പി എന്‍ പ്രകാശ്, ആര്‍ ഹേമലത എന്നിവര്‍ അഭിഭാഷകനെതിരെ സ്വയം അച്ചടക്ക നടപടികളുമായി മുന്നോട്ട് വരികയായിരുന്നു. അഭിഭാഷകനെതിരെ സിബിസിഐഡി തലത്തില്‍ അന്വേഷണം നടത്തി രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

കോടതി അലക്ഷ്യമടക്കമുള്ള കുറ്റങ്ങളാണ് അഭിഭാഷകനെതിരെ ചുമത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് അഭിഭാഷകനെതിരെ ബാര്‍ കൌണ്‍സിലിന്‍റെ ഭാഗത്ത് നിന്നും നടപടിയുണ്ടാവണമെന്നും കോടതി വ്യക്തമാക്കി. തിങ്കളാഴ്ച കേസിലെ വാദം ജഡ്ജി വീഡിയോ കോണ്‍ഫറന്‍സിലൂടെ കേള്‍ക്കുന്ന സമയത്തായിരുന്നു യുവതിയെ വാരിപ്പുണരുന്ന നിലയില്‍ അഭിഭാഷകനെത്തിയത്. ഇതിന്‍റെ വീഡിയോ വൈറലായിരുന്നു. ഇതോടെയാണ് ഹൈക്കോടതി കടുത്ത നടപടികളിലേക്ക് കടന്നത്.


വിർച്വൽ വിചാരണക്കിടെ കിടക്കയിൽ കിടന്ന് പഞ്ചാബ് മുൻ പൊലീസ്മേധാവി, മര്യാദ പാലിക്കണമെന്ന് കോടതി
കിടക്കയിൽ കിടന്ന് വിർച്വൽ വിചാരണയിൽ ഹാജരായ പഞ്ചാബ് മുൻ പൊലീസ് മേധാവിയെ താക്കീത് ചെയ്ത് കോടതി. സുമേധ് സിംഗ് സൈനിയെയാണ് കോടതി താക്കീത് ചെയ്തത്. 1994 ൽ നടന്ന മൂന്ന് പേരുടെ കൊലപാതകവത്തിന്റെ വിചാരണക്കിടെയാണ് സംഭവം. പെരുമാറ്റം ശ്രദ്ധിക്കാൻ കോടതി സൈനിയോട് ആവശ്യപ്പെട്ടു. കോടതിയുടെ അന്തസ്സ് സംരക്ഷിക്കണമെന്നും പ്രത്യേക സിബിഐ കോടതി ജഡ്ജി സഞ്ചീവ് അഗർവാൾ ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസ് വഴിയാണ് സുമേധ് വിചാരണ കേട്ടത്. തനിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെന്നും പനിയായതിനാലാണ് കിടക്കുന്നതെന്നുമായിരുന്നു കോടതിയുടെ താക്കീതിന് മുൻ പൊലീസ് മേധാവിയുടെ വിശദീകരണം. എന്നാൽ ഇതു സംബന്ധിച്ച മെഡിക്കൽ രേഖകളൊന്നും സുമേധ് സമർപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 

ഭാര്യമാര്‍ക്ക് തുല്യ പരിഗണന നല്‍കിയില്ലെങ്കില്‍ വിവാഹമോചനം; നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി
ഭർത്താവ് പുനർവിവാഹം കഴിക്കുകയും തുല്യ പരിഗണന നൽകാതിരിക്കുകയും സമാനമായ ജീവിത സാഹചര്യങ്ങൾ നൽകാതിരിക്കുകയും  ചെയ്യുന്ന മുസ്ലീം സ്ത്രീകൾക്ക് വിവാഹമോചനം നൽകണമെന്ന് കേരള ഹൈക്കോടതി. ഭാര്യമാർക്ക് തുല്യ പരിഗണനയാണ് ഖുറാൻ പറയുന്നതെന്നും കോടതി വിശദമാക്കി. ഇതില്‍ ലംഘനമുണ്ടാകുന്ന സാഹചര്യം വിവാഹമോചനം നല്‍കേണ്ടതാണെന്നും വിശദമാക്കി. ശനിയാഴ്ചയാണ് ഹൈക്കോടതി ഇക്കാര്യം വിശദമാക്കിയത്. 

കുതിരപ്പുറത്ത് കോടതിയിലെത്തി അഭിഭാഷകന്‍
കുതിരപ്പുറത്ത് കോടതിയിലെത്തി അഭിഭാഷകന്‍. ഹരിപ്പാട് കോടതിയിലെ അഭിഭാഷകന്‍ കെ ശ്രീകുമാറാണ് ഇന്ന് കുതിരപ്പുറത്ത് എത്തി സഹപ്രവര്‍ത്തകരെയും കോടതി ജീവനക്കാരെയും അത്ഭുതപ്പെടുത്തിയത്. കരുവാറ്റ സ്വദേശിയായ അഡ്വ. ശ്രീകുമാര്‍ രണ്ടുവര്‍ഷം മുമ്പ് കുതിര ഓടിക്കാന്‍  എറണാകുളത്ത് പരിശീലനം നേടിയിരുന്നു. അതിനായി കുതിരയേയും വാങ്ങി. എന്നാല്‍ കൊവിഡ് വന്നതോടെ കുതിരയെ നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. പിന്നീട് കുതിരയെ വിറ്റു. കൊവിഡ് പ്രതിസന്ധി അവസാനിച്ചതോടെ മൂന്നു മാസം മുമ്പ് പുളിക്കീഴ് സ്വദേശിയില്‍ നിന്നും സ്വന്തമാക്കിയതാണ് നാലു വയസ്സ് പ്രായമുള്ള ഹെന്നി എന്ന പെണ്‍കുതിരയെ. ശ്രീകുമാര്‍  ദിവസവും ശരാശരി മൂന്നു കിലോമീറ്ററോളം  കുതിരപ്പുറത്ത് വീടിന് സമീപത്ത്  സവാരി നടത്തിയിരുന്നു. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കഴിഞ്ഞദിവസം കോടതിയില്‍ കുതിരപ്പുറത്ത് എത്തിയത്.

click me!