
ലഖ്നൗ: അയോധ്യയിലെ ഭൂമി ഇടപാടുകളെക്കുറിച്ച് (Ayodhya Land Deals) അന്വേഷണതതിന് ഉത്തരവിട്ട് യുപി സർക്കാർ (UP Government). രാമക്ഷേത്ര നിർമ്മാണം അനുവദിച്ചുള്ള കോടതി വിധിക്ക് തൊട്ടുമുമ്പും ശേഷവും ബിജെപി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ബന്ധുക്കൾ ഭൂമി വാങ്ങിയെന്ന റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണിത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപാടുകളെക്കുറിച്ച് റവന്യു വകുപ്പിനോട് റിപ്പോർട്ട് തേടി. അന്വേഷണത്തിന് റവന്യു സ്പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.
അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നല്‍കിയുള്ള സുപ്രീംകോടതി വിധി വന്നത് 2019 നവംബറിലാണ്. അതിനും രണ്ടുമാസം മുമ്പ് അയോധ്യയിലെ മേയർ ഋഷികേശ് ഉപാധ്യായ് ക്ഷേത്ര നിർമ്മാണം നടക്കുന്നതിന്‍റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഭൂമി വാങ്ങി. പിന്നീട് നടന്ന ഇടപാടുകൾ പരിശോധിച്ച് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം നല്‍കിയ റിപ്പോർട്ടിൽ എംഎൽഎമാരായ ഇന്ദ്ര പ്രതാപ് തിവാരം, വേധ്പ്രകാശ് ഗുപ്ത എന്നിവരുടെയും ഒബിസി കമ്മീഷൻ അംഗം ബൽറാം മൗര്യയുടെയും ബന്ധുക്കൾ ഭൂമി വാങ്ങിയെന്ന് വ്യക്തമാകുന്നു. ഡിവിഷണൽ കമ്മീഷണർ, എസ്ഡിഎം, ഡിഐജി തുടങ്ങിയ ഉദ്യോഗസ്ഥരുടെ പേരും പട്ടികയിലുണ്ട്. അന്വേഷണം നേരിടുന്ന മഹർഷി രാമായൺ വിദ്യാപീഠ് ട്രസ്റ്റ് എന്ന സ്ഥാപനത്തിൽ നിന്ന് ഉദ്യോഗസ്ഥർ ഭൂമി വാങ്ങിയെന്ന രേഖകളും പുറത്തുവന്നു. യുപി തെരഞ്ഞെടുപ്പിന് മുമ്പ് പ്രിയങ്ക ഗാന്ധിയുടെ നേൃത്വത്തിൽ ഈ ഭൂമി ഇടപാട് കോൺഗ്രസ് ആയുധമാക്കുകയാണ്.
അയോധ്യയിലെ 2.77 തർക്കസ്ഥലം ക്ഷേത്ര നിർമ്മാണത്തിനു നല്‍കാനായിരുന്നു കോടതി ഉത്തരവ്. ചുറ്റും സർക്കാർ ഏറ്റെടുത്ത 67 ഏക്കറും രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റിന് കൈമാറി. 70 ഏക്കർ കൂടി ട്രസ്റ്റ് അതിനുശേഷം അയോധ്യയിൽ വാങ്ങി. രാഷ്ട്രീയ ഉദ്യോഗസ്ഥ പിന്തുണയോടെ റിയൽ എസ്റ്റേറ്റ് മാഫിയ വിധിക്ക് പിന്നാലെ സജീവമായി എന്നതിന്‍റെ തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam