'ചിലര്‍ എന്നെ തല്ലുന്നതിനെക്കുറിച്ച് പറയുന്നു, പക്ഷേ എല്ലാ അമ്മമാരുടെയും അനുഗ്രഹം എന്നെ സംരക്ഷിക്കും': മോദി

By Web TeamFirst Published Feb 7, 2020, 3:42 PM IST
Highlights

യുവാക്കള്‍ പ്രധാനമന്ത്രിയെ വടി കൊണ്ടടിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‍‍ക്കെതിരെ മോദി. 

ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാക്കന്‍മാര്‍ തന്നെ വടി കൊണ്ട് അടിക്കുന്ന കാര്യം പറയുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യയിലെ എല്ലാ അമ്മമാരുടെയും അനുഗഹം തനിക്കുണ്ടെന്നും മോദി പറഞ്ഞു. കോക്രാഝറിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ചിലപ്പോഴൊക്കെ ചില നേതാക്കന്‍മാര്‍ എന്നെ വടി കൊണ്ട് അടിക്കുന്ന കാര്യം പറയുന്നു. എന്നാല്‍ ഇന്ത്യയിലെ എല്ലാ അമ്മമാരുടെയും അനുഗ്രഹം ഇതില്‍ നിന്നെല്ലാം എന്നെ സംരക്ഷിക്കും'- മോദി പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിക്ക് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല. യുവാക്കൾക്ക് തൊഴിൽ നൽകാതെ രാജ്യം പുരോ​ഗതിയിലേക്ക് എത്തുകയില്ലെന്ന വസ്തുത വടി കൊണ്ടടിച്ച് മോദിയെ അവർ പഠിപ്പിക്കും എന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രസ്താവന. വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലും രാജ്യത്തെ തൊഴിലില്ലായ്മ മുൻനിർത്തിയുള്ള വിമർശനങ്ങൾ രാഹുല്‍ ​ഗാന്ധി ഉന്നയിച്ചിരുന്നു. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള പദ്ധതികളൊന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

''രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. എന്നാൽ ഇതിനെക്കുറിച്ച് പ്രധാനമന്ത്രിയോ ധനമന്ത്രിയോ ബജറ്റിൽ ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല. രാജ്യത്തെ ഓരോ യുവാക്കളും തൊഴിലിനെപ്പറ്റിയാണ് അന്വേഷിക്കുന്നത്. ഇതാണ് യാഥാർത്ഥ്യം.'' രാഹുൽ ​ഗാന്ധി പറഞ്ഞു. ഇതിനെതിരെ പരോക്ഷമായി പ്രതികരിക്കുകയായിരുന്നു മോദി. 

click me!