
ജയ്പൂർ: രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമെടുത്ത് കോൺഗ്രസ് നേതൃത്വം. രാജസ്ഥാൻ കോൺഗ്രസിൽ ഏറെ കാലമായി നിലനിന്നിരുന്ന അശോക് ഗെഹ് ലോട്ടും സച്ചിൻപൈലറ്റും തമ്മിലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാനം തന്നെ സച്ചിൻ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളായിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾക്ക് പച്ചക്കൊടി കാട്ടിയിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻ്റ്. സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ട പ്രകാരം പിഎസ് എസിയിൽ നിയമനിർമ്മാണം നടത്താനും ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം നടത്താനും തീരുമാനിച്ചതായി കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെസി വേണുഗോപാൽ അറിയിച്ചു. രാജസ്ഥാനിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, നാളെ മുതൽ രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. മന്ത്രിമാരും എം എൽ എ മാരും ഗൃഹസന്ദർശനം നടത്തും. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും, പക്ഷേ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. കർണ്ണാടകയിലേത് പോലെ രാജസ്ഥാനിലും ഭാരത് ജോഡോ യാത്ര വിജയത്തിന് ഊർജ്ജമാകും. സെപ്റ്റംബർ ആദ്യവാരം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി; മുതലെടുക്കാൻ അമിത് ഷാ, സച്ചിനെ നിരീക്ഷിക്കാൻ വസുന്ധര രാജെ
നേരത്തെ സച്ചിൻ പൈലറ്റ് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പ്രഖ്യാപനമില്ലാതെ അന്നേ ദിവസം പൊതുപരിപാടിയിൽ പങ്കെടുത്ത് സച്ചിൻ ആവർത്തിച്ചത് അഴിമതിയോട് സന്ധിയില്ലെന്നാണ്. ജനങ്ങളാണ് തൻ്റെ കരുത്ത്. ജനപിന്തുണയാണ് തന്റെ കൈയിലുള്ള കറൻസി. പാവപ്പെട്ടവർക്ക് വേണ്ടിയാണ് താൻ വാദിക്കുന്നത്. യുവാക്കളുടെ ഭാവിക്ക് വേണ്ടിയാണ് ചില വിഷയങ്ങൾ ചർച്ചയാക്കിയത്. ജനസേവനത്തിന് അധികാരം വേണ്ടെന്നുമായിരുന്നു സച്ചിൻ പൈലറ്റ് പറഞ്ഞത്. അഴിമതിയോട് സന്ധി ചെയ്യുമെന്ന് ആരും കരുതേണ്ട. നീതിക്കും, ന്യായത്തിനുമായി ഏതറ്റം വരെയും പോകുമെന്നും രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കാൻ പോരാട്ടം തുടരുമെന്നും പൈലറ്റ് പറഞ്ഞിരുന്നു. അശോക് ഗെഹ് ലോട്ടുമായി ഏറ്റുമുട്ടിയ സച്ചിനെ കേന്ദ്ര നേതൃത്വം അനുനയിപ്പിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam